ഡല്‍ഹി : കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഡല്‍ഹി പോലീസ് കമീഷണര്‍ എസ്.എന്‍. ശ്രീവാസ്തവക്ക് കത്തയച്ചു. 148 എഫ്.ഐ ആറുകള്‍ രജിസ്റ്റര്‍ ചെയ്തെന്നും നിരവധിപേര്‍ അറസ്റ്റിലായെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സി.ആര്.പി.സി 41സി പ്രകാരം അറസ്റ്റിലായവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണം.
എല്ലാ ജില്ലകളിലും പോലീസ് കണ്ട്രോള് റൂമുകള്‍ തുറക്കണമെന്ന് ഈ വ്യവസ്ഥ നിര്‍ദേശിക്കുന്നു. ഇവിടെ അറസ്റ്റിലായവരുടെയും അറസ്റ്റ് ചെയ്തവരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണം. സംസ്ഥാനതലത്തില്‍ പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമില്‍ സമയബന്ധിതമായി ഈ വിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതാണ്. നിയമപരമായ ബാധ്യത പോലീസ് നിറവേറ്റുന്നില്ല. അറസ്റ്റിലായവരുടെ പേരുകള്‍ എവിടെയും പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കത്തില്‍ വൃന്ദ കാരാട്ട് ആരോപിച്ചു.