കോന്നി : കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കേന്ദ്രസർക്കാർ അംബാനിയേയും അദാനിയേയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം മലയാലപ്പുഴയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
കോവിഡ് മഹാമാരി രാജ്യമാകെ പടർന്ന് പിടിച്ചപ്പോൾ കേരളം രാജ്യത്തിന് മാതൃകയായി. എന്നാൽ കൊറോണ വൈറസിനേക്കാൾ വലിയ വൈറസുകളാണ് രാജ്യം ഭരിക്കുന്ന മോദി സർക്കാരും കേരളത്തിലെ പ്രതിപക്ഷവും. കേരളത്തിലെ നുണകൾ നിർമ്മിക്കുന്ന ഫാക്ടറിയാണ് രമേശ് ചെന്നിത്തലയെങ്കിൽ അതിന്റെ ചാർജ്ജറാണ് കെ.സുരേന്ദ്രൻ. വൻകിട കോർപ്പറേറ്റ് കമ്പനികൾക്കും മറ്റും വാരിക്കോരി കേന്ദ്രം ആനുകൂല്യം നൽകുമ്പോൾ മുതിർന്ന പൌരന്മാര്‍ , കർഷകർ, സാധാരണ ജനങ്ങൾ എന്നിവർക്ക് യാതൊരു ആനുകൂല്യങ്ങളും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല എന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
റബ്ബർ മേഖലയിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്. റബ്ബർ ബോർഡ് ഫണ്ട് കേന്ദ്രം വെട്ടിക്കുറച്ചതും കർഷകർക്ക് തിരിച്ചടിയായി. പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശബ്ദമുയർത്താൻ കോൺഗ്രസ് തയ്യാറാകുന്നില്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
പി എസ് ഗോപാലകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കണ്‍വീനർ പി ജെ അജയകുമാർ, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലകുമാരി ചാങ്ങയിൽ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ ഓമല്ലൂർ ശങ്കരൻ, ശ്യാംലാൽ, ജയലാൽ, ലളിത കുമാരി, ബ്ലോക്ക് അംഗം സുജാത അനിൽ, കെ ഷാജി, സുരേഷ്, ആർ സജി, വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.