തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമാക്കി മകൻ വി എ അരുൺകുമാർ. അച്ഛന്റെ ആരോഗ്യാവസ്ഥയിൽ വൈകുന്നേരത്തോടെ നേരിയ പുരോഗതി ഉണ്ടെന്ന് ഡോക്ടർമാർ സൂചിപ്പിച്ചതായി അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. 72 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞിട്ടില്ല. നാളെ രാവിലെ കുറച്ചുകൂടി വ്യക്തമായ നിഗമനങ്ങളിലെത്താനാവും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്‌യുടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വി എസ് അച്യുതാനന്ദനെ കാണാൻ ആശുപത്രിയിൽ എത്തിയിരുന്നു. നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ഡോക്ടർമാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്. സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ വി എസിനെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.