കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ആരോഗ്യ മന്ത്രിയുമായ വി.എസ് ശിവകുമാര്‍ ഇന്നും ഇഡിക്ക് മുന്‍പാകെ ഹാജരായില്ല. ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസില്‍ ഇഡി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നാണ് ശിവകുമാറിന്റെ വിശദീകരണം. ഇത് നാലാം തവണയാണ് ശിവകുമാറിന് ഇഡി നോട്ടീസ് അയക്കുന്നത്.
ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സാമ്പത്തിക ഇടപാടുകളും കള്ളപ്പണ ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ്. ശിവകുമാറിന് ഇ.ഡി നോട്ടീസ് നല്‍കിയത്. ശിവകുമാറിനോടും പ്രൈവറ്റ് സെക്രട്ടറി ആയിരുന്നയാളോടും ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. 2011 മുതല്‍ 2016 വരെയാണ് ശിവകുമാര്‍ ആരോഗ്യ മന്ത്രിയായത്. 2020ല്‍ ശിവകുമാറിന്റെ വീട്ടിലും അദ്ദേഹത്തിന്റെ ബിനാമികളെന്ന് കരുതപ്പെടുന്നവരുടെ വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിനിടെ കള്ളപ്പണ ഇടപാടുകളും അനധികൃത സ്വത്ത് സമ്പാദനവും നടന്നതായി വിജിലന്‍സും കണ്ടെത്തി. ഇതേത്തുടര്‍ന്ന് എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തു.