തൃശ്ശൂര്‍ : ഇക്കൊല്ലത്തെ തൃശ്ശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും പൂരത്തോടനുബന്ധിച്ചുള്ള പ്രദര്‍ശനം നിശ്ചയിച്ച രീതിയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഘാടകര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ സര്‍ക്കാര്‍ ന്യായമായ രീതിയില്‍ പരിഗണിച്ചിട്ടുണ്ടെന്നും അത് സംബന്ധിച്ച് അനിശ്ചിതത്വമില്ലെന്നും മന്ത്രി വ്യക്തമാക്കി.
എക്‌സിബിഷന്‍ വേണ്ടെന്ന് വെക്കാന്‍ ഒരു ഉദ്യോഗസ്ഥനേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടറോട് ഞായറാഴ്ച തന്നെ ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 200 പേരെ മാത്രമേ അനുവദിക്കൂ എന്ന തീരുമാനം എടുത്തിട്ടില്ലെന്നും കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ സംഘാടകരുമായി ആലോചിച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും എക്‌സിബിഷന്‍ നടക്കുമെന്നും വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു.