പാലക്കാട്: ടിപി ചന്ദ്രശേഖരൻ കൊലക്കേസിലെ പ്രതി പികെ കുഞ്ഞനന്തന്‍റെ മരണം വീണ്ടും ചര്‍ച്ചയാകുന്നതിനിടെ മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ വിമര്‍ശനവുമായി വി ടി ബല്‍റാം. കുഞ്ഞനന്തൻ മരിച്ച സമയത്ത് കെ കെ ശൈലജ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻഷോട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു ബൽറാമിന്‍റെ വിമര്‍ശനം. ഹൈക്കോടതി പോലും കൊലപാതകിയായി വിധിയെഴുതിയ ഒരു പ്രമുഖ ക്രിമിനൽ മരിച്ചുപോയപ്പോൾ മറ്റൊരു പ്രമുഖ നന്മമരം എഴുതിയ കരളലിയിക്കുന്ന ഗദ്ഗദക്കുറിപ്പാണിതെന്ന് ബല്‍റാം കുറിച്ചു. പിആർ വർക്കിന്റെ അകമ്പടിയോടെ അവരൊക്കെ വീണ്ടും പുട്ടിയിട്ട് വരുന്നതിന് മുമ്പ് ഇന്നാട്ടിലെ നിഷ്ക്കളങ്കരോട് ഒന്നോർമ്മപ്പെടുത്തുകയാണ് ടി പി ചന്ദ്രശേഖരനെന്ന കമ്മ്യൂണിസ്റ്റുകാരന്റെ രക്തം പുരണ്ടിരിക്കുന്നത് ഏതാനും ചില വാടകക്കൊലയാളികളിൽ മാത്രമല്ല, ഇതുപോലുള്ള കുഞ്ഞനന്തേട്ടന്മാരെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ടിരിക്കുന്ന മുഴുവൻ മനുഷ്യരൂപികളുടേയും കൈകളിൽക്കൂടിയാണെന്നും ബല്‍റാം പറഞ്ഞു.
അച്ഛനെ കൊന്നത് യുഡിഎഫ് സർക്കാരാണെന്ന ആരോപണവുമായി പി കെ കുഞ്ഞനന്തന്‍റെ മകൾ ഷബ്‌ന ഇന്ന് രംഗത്ത് വന്നിരുന്നു. കെ എം ഷാജി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എറിഞ്ഞുനോക്കുകയാണ്. ഷാജിയുടേത് വെറും ജൽപനം മാത്രമാണെന്നും ഷബ്‌ന പറഞ്ഞു. അച്ഛന് ചികിത്സ നിഷേധിച്ചത് യുഡിഎഫ് സർക്കാരാണ്. ചികിത്സക്ക് വേണ്ടി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും യുഡിഎഫ് സർക്കാരിന്റെ കാലത്ത് മികച്ച ചികിത്സ ലഭിച്ചിരുന്നില്ല. പിന്നീട് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് നല്ല ചികിത്സ ലഭിച്ചതെന്നും അപ്പോഴേക്കും അവസ്ഥ മോശമായിരുന്നുവെന്നും ഷബ്ന പറഞ്ഞു. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തൻ ജയിലിലായിരിക്കെയാണ് മരിച്ചത്. പി കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്തെത്തിയിരുന്നു. ടിപി കൊലക്കേസിൽ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനായിരുന്നു. കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധയേറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെഎം ഷാജി പറഞ്ഞിരുന്നു.