തൃത്താല: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ആകാംക്ഷയോടെ കാത്തിരുന്ന പൊളിറ്റിക്കല്‍ ഫൈറ്റില്‍ മന്ത്രി എം ബി രാജേഷില്‍ നിന്നും തൃത്താല പിടിച്ചെടുത്ത് വി ടി ബല്‍റാം. 8385 വോട്ടുകളുടെ ഭൂരിപക്ഷത്തിneണ് ബല്‍റാമിന്‍റെ വിജയം. 76,427 വോട്ടുകളാണ് ബല്‍റാം നേടിയത്. എം ബി രാജേഷ് 68,042 വോട്ടുകള്‍ നേടി. ബിജെപിക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലത്തില്‍ 15,051 വോട്ടുകളാണ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നേടിയത്. 1991 മുതല്‍ തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലം 2011 ലെ തിരഞ്ഞെടുപ്പിലാണ് വി ടി ബല്‍റാം യുഡിഎഫിനുവേണ്ടി ആദ്യം ജയിച്ചത്.
പിന്നീട് 2016 ലെ തിരഞ്ഞെടുപ്പിലും ഇതേ സീറ്റില്‍ അദ്ദേഹം തന്നെ വിജയിച്ചു. എന്നാല്‍ ബല്‍റാമിന്‍റെ ഹാട്രിക് ചാന്‍സ് കളഞ്ഞ് എല്‍ഡിഎഫിനുവേണ്ടി ജയിച്ചുകയറിയത് എം ബി രാജേഷ് ആയിരുന്നു. എന്നാല്‍ അന്നത്തെ തോല്‍വിക്ക് ശേഷവും മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ബല്‍റാം. അതിനുള്ള ഫലം ബല്‍റാമിന് ലഭിച്ചിരിക്കുകയാണ് ഇപ്പോള്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയ രണ്ട് പ്രമുഖര്‍ തന്നെ ഇടത്, വലത് മുന്നണി സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന മണ്ഡലം.
രണ്ട് മുന്നണികളിലെയും യുവനിരയിലെ രണ്ട് ശ്രദ്ധേയ നേതാക്കള്‍ വരുന്ന മണ്ഡലമായതിനാല്‍ത്തന്നെ കഴിഞ്ഞ തവണത്തേതുപോലെ താരപരിവേഷമായിരുന്നു ഇത്തവണയും തൃത്താലയ്ക്ക്. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി എൽഡിഎഫ് വോട്ട് തേടിയപ്പോൾ മണ്ഡലം തിരിച്ചുപിടിക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങളുമായാണ് യുഡിഎഫ് കളത്തിലിറങ്ങിയത്. ബല്‍റാമിനെതിരെ തൃത്താലയിലെ കോണ്‍ഗ്രസില്‍ നിന്ന് ചില എതിര്‍സ്വരങ്ങള്‍ തുടക്കത്തില്‍ ഉയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ വിജയത്തെ തടയുന്ന ഘടകമായി അത് മാറിയില്ല. അതേസമയം പ്രവചനാതീതമായിരുന്നു മത്സരം. വി ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ആണ് ബിജെപിക്കായി മത്സര രംഗത്ത് ഉണ്ടായിരുന്നത്.






























