പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ ആരംഭിച്ചു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി (നസിറുദ്ദീന്‍), കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍ കോയ), വ്യാപാരി വ്യവസായി സമിതി, വ്യാപാരി കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ സംയുക്തമായാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
പത്തനംതിട്ട പഴയ ബസ്സ് സ്റ്റാന്‍ഡിലേക്ക് കടക്കുന്ന വഴിയുടെ ഭാഗത്തുള്ള കൊച്ചിന്‍ സ്റ്റേഷനറി ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചതിനെതുടര്‍ന്ന് രാവിലെ തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു. ഇന്ന് രാവിലെ കട തുറക്കാന്‍ വന്നപ്പോള്‍ കെട്ടിട ഉടമ പൂട്ട് പൊളിച്ച് അകത്തു കയറി ഇരിക്കുന്നതാണ് കടയുടമ ജെയിംസ് കണ്ടത്. തുടര്‍ന്ന് ജയിംസിനെ പുറത്തിറക്കി വേറെ താഴിട്ടുപൂട്ടി. വിവരം അറിഞ്ഞ വ്യാപാരികള്‍ സംഘടനാ വ്യത്യാസമില്ലാതെ തടിച്ചുകൂടി. പോലീസും എത്തി. വ്യാപാരികള്‍ കട ബലമായി തുറക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് സമ്മതിച്ചില്ല. കെട്ടിടം ഉടമയില്‍ നിന്നും വ്യാപാരിക്ക് നാളിതുവരെ ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് ജയിംസ് പറഞ്ഞു. എന്നാല്‍ കുറഞ്ഞ വടകയാണ് നല്‍കുന്നതെന്നും ഒഴിഞ്ഞുതരണമെന്നും പലപ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന് കെട്ടിട ഉടമയായ സ്ത്രീ പറഞ്ഞു. നിലവില്‍ വാടക കൃത്യമായി ബാങ്കില്‍ കൂടി നല്‍കിക്കൊണ്ടിരുന്ന ഈ കടമുറികള്‍ വ്യാപാരി അറിയാതെതന്നെ മറ്റൊരാള്‍ക്ക് ഉടമ വാടകയ്ക്ക് നല്‍കിയതായി വ്യാപാരി നേതാക്കള്‍ പറഞ്ഞു. പുതിയ വാടകക്കാരന് കോടതിയില്‍ നിന്നും എന്തോ ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും അത് വ്യാപാരികള്‍ അംഗീകരിച്ചില്ല. പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നുവെങ്കിലും കടമുറി ഒഴിപ്പിക്കുവാനുള്ള ഒരു രേഖയും കെട്ടിടം ഉടമക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് നഗരത്തില്‍ മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
കട ബലമായി ഒഴിപ്പിക്കാന്‍ ശ്രമിച്ചത് അംഗീകരിക്കില്ലെന്നും കെട്ടിട ഉടമ നിയമവഴിയാണ് തേടേണ്ടിയിരുന്നതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. ന്യായം പറഞ്ഞാല്‍ അത് മര്യാദയായി കണ്ട് അംഗീകരിക്കും. ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കി വാടകയും വാങ്ങിക്കൊണ്ടിരിക്കുന്ന കടമുറി മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കിയെന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം. ഗുണ്ടായിസത്തിലൂടെയും അക്രമത്തിലൂടെയും വ്യാപാരിയെ ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി തങ്ങള്‍ ഒന്നിച്ചു നീങ്ങുമെന്ന് വിവിധ വ്യാപാര സംഘടനാ ഭാരവാഹികളായ പ്രസാദ് ജോണ്‍ മാമ്പ്ര, ശശി ഐസക്, റ്റി.റ്റി. അഹമ്മദ്, അബ്ദുല്‍ റഹീം മാക്കാര്‍, കെ.പി സജന്‍, അബു നവാസ്, റിയാസ് എ .ഖാദര്‍, ജോര്‍ജ്ജ് വര്‍ഗീസ്, കെ.സി.വര്‍ഗീസ്, സാം പാറപ്പാട്ട്, മിത്രന്‍, ഗീവര്‍ഗീസ് പാപ്പി, ഗീവര്‍ ജോസ്, അഡ്വ.അബ്ദുല്‍ മനാഫ്, ഉല്ലാസ് എന്നിവര്‍ പറഞ്ഞു.
https://www.facebook.com/mediapta/videos/548495955767863/