പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികള്‍ക്ക് വാടക ഇളവ് നല്‍കണമെന്ന് കേരളാ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കോവിഡ്- 19-ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്. ലോക് ഡൗണിൽ ഇളവ് അനുവദിച്ചെങ്കിലും പൊതുഗതാഗത സൗകര്യം ഇല്ലാത്തതും രോഗവ്യാപന ഭീഷണി തുടരുന്നതും മൂലം വ്യാപാര മാന്ദ്യം തുടരുകയാണ്. ഈ സാഹചര്യത്തിൽ ലോക് ഡൗൺ കാലയളവായ മാർച്ച്, ഏപ്രിൽ, മൊയ് മാസങ്ങളിലെ വാടക ഒഴിവാക്കി നല്‍കണമെന്നാണ് സമിതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട നഗരസഭാ കവാടത്തില്‍ നടത്തിയ ധര്‍ണ്ണ കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മക്കാർ ഉത്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ അധ്യക്ഷത വഹിച്ചു. രാജു, ജയ്സൺ, അബ്ദുൽ റഷീദ്, സജാദ്, അനൂപ്, ഇക്ബാൽ, ഹബീബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.