തിരുവനന്തപുരം : സംസ്ഥാനത്ത് കേസന്വേഷിക്കാന്‍ ഇനി വനിതാ പോലീസ് ഉദ്യോഗസ്ഥരും. സ്വതന്ത്ര കേസന്വേഷണങ്ങള്‍ക്കാണ് വനിതാ പോലീസ് ഓഫീസര്‍മാരെയും അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സാധാരണയായി വനിതാ ഐപിഎസ് ഓഫീസര്‍മാരെയാണ് ഇത്തരം ചുമതലതകള്‍ എല്‍പ്പിച്ചിരുന്നത്. എന്നാല്‍ ഇതാദ്യമായാണ് ഐ.പി.എസ്. ഇതരവിഭാഗത്തിലെ വനിതാ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുന്നത്.
ഗൗരവമായ കേസന്വേഷണങ്ങളില്‍ വനിതാ ഓഫീസര്‍മാരെ ഉപയോഗിക്കുന്നില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണത്തെത്തുടര്‍ന്നാണ് തീരുമാനം. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ട പത്ത് സ്റ്റേഷനുകളില്‍ മൂന്നുതരം കേസുകളുടെ അന്വേഷണച്ചുമതല ഇവര്‍ക്കായിരിക്കും. ഒരു സ്റ്റേഷനില്‍ നാലുവീതം പോക്‌സോ, ലൈംഗികപീഡനം, രണ്ട് സ്ത്രീധനപീഡനം എന്നിവയുടെ അന്വേഷണച്ചുമതലയാണ് നല്‍കുക.
നിലവില്‍ സംസ്ഥാനത്ത് പത്ത് സ്ത്രീ പോലീസ് സ്റ്റേഷനുകളുണ്ട്. എന്നാല്‍ സ്വതന്ത്ര അന്വേഷണ ചുമതലകള്‍ നല്‍കിയിരുന്നില്ല. പുരുഷ എസ്.എച്ച്.ഒ.മാരെ സഹായിക്കുക മാത്രമാണ് ചെയ്യാറ്. ഇനി ഏതെങ്കിലും സ്റ്റേഷനുകളില്‍ വനിതാ സി.ഐ., എസ്.ഐ.മാരില്ലെങ്കില്‍ അന്വേഷണസംഘത്തില്‍ കൂടുതല്‍ വനിതാ പോലീസുകാരെ ഉള്‍പ്പെടുത്തണമെന്നാണു ചട്ടം. എന്നാല്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥരെ കൂടുതല്‍ ചുമതലകള്‍ എല്പിക്കുവാന്‍ ഒരുങ്ങുന്നത്.