തൃശൂര്‍ : വടക്കാഞ്ചേരി ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉപകരാര്‍ ഉണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പുറത്തുവിടണമെന്ന് അനില്‍ അക്കര എം.എല്‍.എ. വാക്കാലാണ് അനുമതി നല്‍കിയതെങ്കില്‍ അതും വ്യക്തമാക്കണം. മന്ത്രി എ.സി മൊയ്തീന്‍ ബിനാമികളെവെച്ചാണ് ഇടപാടുകള്‍ നടത്തിയത്. ക്രമക്കേടുകളുടെ 100 ശതമാനം ഉത്തരവാദിത്തം എ.സി മൊയ്തീനാണെന്നും അനില്‍ അക്കര ആരോപിച്ചു.
ലൈഫ് മിഷനും ഉപകരാറുണ്ടോ എന്ന് വ്യക്തമാക്കണം. താന്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഉപകരാറില്ലയെന്നാണ് ലൈഫ് മിഷനിലെ ഉത്തവാദപ്പെട്ടവര്‍ മറുപടി നല്‍കിയത്. അങ്ങനെയെങ്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയത് ആരാണ്. എ.സി മൊയ്തീന്‍ തന്നെയാണ്. ഭരണാനുമതി കൊടുത്തത് ആരാണ് ? അതും എ.സി മൊയ്തീനാണ്. സ്ഥലം കൈമാറി കൊടുത്തത് ആരാണ്. അതും എ.സി മൊയ്തീനാണെന്നും അദ്ദേഹം ആരോപിച്ചു.
എഗ്രിമെന്റ് വെച്ചതിന്റെ രണ്ടാമത്തെ ദിവസം യൂണിടെക്കിന്റെ അക്കൗണ്ടിലേക്ക് മൂന്നു കോടി രൂപ മാറ്റി. 30-7-2019 നാണ് കരാര്‍ ഒപ്പിടുന്നത്. ആ യോഗത്തിന്റെ മിനുട്ട്സ് വായിച്ചാല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കേണ്ടിവരുമെന്നും അനില്‍ അക്കര പറഞ്ഞു. ലൈഫ് മിഷന്റെ സി.ഇ.ഒ ഒരു കത്ത് പോലും അയച്ചില്ല. അദ്ദേഹത്തിന് അറിയാമായിരുന്നു ഇത് മുഴുവന്‍ ചട്ടവിരുദ്ധമാണെന്ന്. റീബില്‍ഡ് കേരളയുടെ ചുമതലയുണ്ടായിരുന്നു വേണുവിനും ഇക്കാര്യം അറിയാമായിരുന്നു. അദ്ദേഹവും ഇതിന്റെ തുടര്‍ നടപടികളിലേക്ക് പോയില്ലെന്നും അനില്‍ അക്കര പറഞ്ഞു.