വാളയാര്‍ : സംസ്ഥാനത്ത് അതിര്‍ത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളെയും അണുവിമുക്തമാക്കാന്‍ വാളയാര്‍ ചെക്‌പോസ്റ്റില്‍ പരിരക്ഷ എന്ന പേരില്‍ അണുനാശിനി കവാടം തുറന്നു. ശ്രീരാമകൃഷ്ണമഠത്തിനു കീഴിലുള്ള പാലക്കാട് വിവേകാനന്ദ ദാര്‍ശനിക സമാജം അഗ്‌നിരക്ഷാസേനയുടെ സഹകരണത്തോടെയാണ് രാജ്യത്തെ ആദ്യത്തെ ഈ സംരംഭത്തിന് തുടക്കമിട്ടത്.
വാഹനങ്ങള്‍ സ്വയം അണുവിമുക്തമാകുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഈ ഓട്ടോമാറ്റിക് ശുചീകരണ സംവിധാനം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
മോട്ടോര്‍ വാഹന ചെക്‌പോസ്റ്റിന്റെ പ്രവേശനത്തില്‍ കമാനകൃതിയില്‍ 20 അടി ഉയരവും 12 അടി വീതിയിലുമാണ് കവാടം. കവാടത്തിനു മുന്നില്‍ വാഹനമെത്തിയാല്‍ സെന്‍സര്‍ വഴി കവാടത്തിനു മുകളിലും ഇരുവശങ്ങളിലും താഴെയുമായി സ്ഥാപിച്ച ചട്ടക്കൂടിനുള്ളില്‍ നിന്നു അണുവിമുക്ത മിശ്രിതം പുറത്തേക്ക് സ്‌പ്രേ ചെയ്യും. വാഹനത്തിന്റെ എല്ലാ ഭാഗത്തും ഒരേ സമയം ഇതു ലഭിക്കുമെന്നതും പ്രത്യേകതയാണ്.
500 ലീറ്ററിന്റെ ടാങ്കാണ് ഇതിനായി സ്ഥാപിച്ചിട്ടുളളത്. ഒരു വട്ടം ടാങ്ക് നിറച്ചാല്‍ 500 വാഹനങ്ങള്‍ അണുവിമുക്തമാക്കാം. ജില്ല അഗ്‌നിരക്ഷാസേന, മോട്ടോര്‍ വാഹന വകുപ്പ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. അതേസമയം ഭക്ഷ്യവസ്തുക്കളും, പച്ചക്കറി, പാല്‍ തുടങ്ങിയവയുമായെത്തുന്ന വാഹനങ്ങള്‍ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നേരിട്ട് അണുവിമുക്തമാക്കും. ജലദൗര്‍ലഭ്യം പരിഗണിച്ച് കവാടത്തിനാവശ്യമായ ജലസേചനം ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.