തിരുവനന്തപുരം: വാളയാര്‍ കേസില്‍ പീഡന പ്രേരണക്കുറ്റം ചുമത്തിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കുടുംബം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞത്. ബന്ധുവായ പ്രതി മകളോട് മോശമായി പെരുമാറിയപ്പോൾ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം പറഞ്ഞു. അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നതെന്നാണ് വാദം. പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ.രാജേഷ്.എം. മേനോനെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നിലവിലെ പ്രോസിക്യൂട്ടര്‍ ഫോണില്‍ പോലും വിളിച്ച് വിവരങ്ങള്‍ തേടിയിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും കുട്ടിയുടെ ഉയരവും സെലോഫിന്‍ പരിശോധനാവിവരങ്ങളും ആദ്യത്തെ കുട്ടി കൊല്ലപ്പെട്ടപ്പോള്‍ രണ്ടാമത്തെ കുട്ടി നല്‍കിയ മൊഴികളും ആത്മഹത്യ ചെയ്ത പ്രതിയുടെ ഫോണ്‍ വിവരങ്ങളും മറ്റ് പല സാഹചര്യ തെളിവുകളും അവര്‍ പരിഗണിച്ചില്ലെന്ന് വാളയാര്‍ നീതിസമര സമിതി വ്യക്തമാക്കിയിരുന്നു. കുട്ടികൾ പീഡനത്തിന് ഇരയായ വിവരം മുൻകൂട്ടി അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ല. ഇക്കാരണത്താലാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി മാതാപിതാക്കളെ പ്രതിയാക്കിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചി സിബിഐ മൂന്നാം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.