പാലക്കാട് : വാളയാര്‍ കേസില്‍ തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കേ സര്‍ക്കാര്‍ അഭിഭാഷകര്‍ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ തെളിവുകള്‍ പോലും കൃത്യമായി പോക്‌സോ കോടതിയില്‍ എത്തിയില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷക സംഘം കുറ്റപ്പെടുത്തി.
വാളയാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷകരുടെ സംഘമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളെ കണ്ടത്. കേസില്‍ തുടരന്വേഷണം എന്ന മാതാപിതാക്കളുടെ അപ്പീലിന്മേല്‍ ഈ മാസം ഒന്‍പതിന് ഹൈക്കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് സന്ദര്‍ശനം. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തത ഉണ്ടെങ്കിലും ഉള്ള തെളിവുകള്‍ പോലും വിചാരണ കോടതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്ന് സംഘം വിലയിരുത്തി. ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തില്‍ നീതി ലഭ്യമാക്കുമെന്നും സംഘം പറഞ്ഞു.
എന്നാല്‍ പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനില്‍ക്കുള്ളൂ എന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞത്. ആവശ്യമെങ്കില്‍ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രോസിക്യൂഷന്‍ സുരേഷ് ബാബു തോമസ്, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ എസ്.യു നാസര്‍ , സി.കെ സുരേഷ് എന്നിവരും അഭിഭാഷക സംഘത്തിലുണ്ടായിരുന്നു.