പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ളോക്കിന്റെ പുറകിൽ റോഡിനോടുചേർന്നുള്ള ഭാഗത്തെ മതിൽ ഏതുനിമിഷവും നിലംപൊത്തുന്ന അവസ്ഥയിൽ. ഏകദേശം 15 അടി ഉയരമുള്ള മതിലിന്റെ എല്ലാ ഭാഗത്തും വലിയ വിള്ളലാണ്. എന്നാൽ കാടുപിടിച്ചിരിക്കുന്നതിനാൽ വിള്ളൽ മുഴുവനും പുറത്തുകാണാൻ കഴിയില്ല. അതിനാൽ ഇതിനുതാഴെ അനേകം ആളുകളാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. നോ പാർക്കിംഗ് മേഖലയായിട്ടും ഇവിടെ വാഹനങ്ങൾ സ്ഥിരമായി പാർക്ക് ചെയ്യുന്നു. നിലവിൽ ഇവിടെ കാത്ത് ലാബിന്റെ നിർമാണത്തിനുള്ള മണ്ണ് പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസം ഇതിനിടയിൽ മതിലിന്റെ ഒരുഭാഗം പൊളിഞ്ഞുവീണു.
വാഹനങ്ങളൊന്നും പാർക്കുചെയ്തിട്ടില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. റോഡിലൂടെ പോകുന്ന കാൽനടയാത്രക്കാർക്കും മതിൽ അപകടഭീതിയുണ്ടാക്കുന്നു. മതിലിന്റെ ഒരുഭാഗം തൊട്ടടുത്ത് താമസിക്കുന്ന ഒരുകുടുംബത്തിന്റെ വീടിന്റെ മുൻവശത്തേക്കും വീഴാറായി നിൽക്കുകയാണ്. കാത്ത് ലാബിന്റെ നിർമാണപ്രവർത്തനം തുടങ്ങുന്നതോടെ ഈ ഭാഗവും പൊളിഞ്ഞുവീഴുമോയെന്ന ആശങ്കയിലാണിവർ. ഈ ഭാഗത്തെ വീടുകളോടുചേർന്ന് നിൽക്കുന്ന ആശുപത്രിയിലെ സെപ്ടിക് ടാങ്കുകളിൽനിന്നുള്ള ദുർഗന്ധവും ഇൻസിനേറ്ററിൽനിന്നുള്ള പുകയും കാരണം ഇവിടെ താമസിക്കാൻപറ്റാത്ത സ്ഥിതിയാണെന്നും അയൽവാസികൾ പറയുന്നു.