ട്വിറ്ററില്‍ ന്യൂസ് വായിക്കണമെങ്കില്‍ അടുത്ത മാസം മുതല്‍ പണം നല്‍കേണ്ടി വരും. തങ്ങളുടെ ലേഖനങ്ങള്‍ വായിക്കാന്‍ ഉപയോക്താക്കളില്‍ നിന്ന് പണം ഈടാക്കാന്‍ മാധ്യമ പ്രസാധകരെ അനുവദിക്കുമെന്ന് ഇലോണ്‍ മസ്‌ക് പറഞ്ഞു. അടുത്ത മാസം മുതലാണ് നിലവില്‍ വരിക. ഓരോ ലേഖനത്തിന്റെയും അടിസ്ഥാനത്തിലാകും ഉപയോക്താക്കളില്‍ നിന്ന് നിരക്ക് ഈടാക്കുക. പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ എടുത്തില്ലെങ്കില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരും.
അതേസമയം അടുത്തിടെ പ്രമുഖരുടെ ബ്ലൂടിക്ക് വെരിഫിക്കേഷന്‍ ട്വിറ്റര്‍ പിന്‍വലിച്ചിരുന്നു. ബ്ലൂടിക്ക് തുടരുന്നതിന് പ്രതിമാസ തുക നല്‍കണമെന്ന് നേരത്തെ ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലോകമെമ്പാടുമുള്ള പ്രമുഖരുടെ ബ്ലുടിക്ക് ട്വിറ്റര്‍ പിന്‍വലിച്ചത്. ബോളിവുഡ് നടന്‍മാരായ ഷാരൂഖ് ഖാന്‍, അമിതാഭ് ബച്ചന്‍, ആലിയ ഭട്ട്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ് താരം വിജയ് തുടങ്ങി ഇന്ത്യക്കാരായ നിരവധി പ്രമുഖരുടെ ട്വിറ്റര്‍ ബ്ലൂടിക്ക് നഷ്ടമായിട്ടുണ്ട്.