ഇടുക്കി : അണക്കരയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പ്രതി പിടിയില്‍. അണക്കര സ്വദേശിനി ജോമോള്‍ ആണ് പിടിയിലായത്. നെടുങ്കണ്ടത്ത് നിന്നാണ് ഇവരെ കുമളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
കഴിഞ്ഞ ദിവസമാണ് അണക്കര ഏഴാംമൈല്‍ സ്വദേശി മനുവിന്റെ കൈപ്പത്തി അയല്‍വാസിയായ ജോമോള്‍ വെട്ടിയത്. മാലിന്യം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം ഒടുവില്‍ വെട്ടുകേസില്‍ കലാശിക്കുകയായിരുന്നു. ജോമോളിന്റെ ഒറ്റവെട്ടില്‍ മനുവിന്റെ ഇടത് കൈപ്പത്തി അറ്റുവീണു. മനുവിന്റെയും ജോമോളിന്റെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങളാണ്. ഇതാണ് ഒടുവില്‍ കൈവെട്ടുകേസില്‍ എത്തിയത്.