ശാസ്താംകോട്ട : മില്‍മ പാല്‍ വിതരണം ചെയ്യുന്ന വാഹനം ഉപയോഗിച്ച് മാലിന്യം കടത്തുന്ന അന്യസംസ്ഥാന തൊഴിലാളി ഉള്‍പ്പെട്ട രണ്ടംഗ സംഘത്തെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു. മില്‍മയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ വാനും കസ്റ്റഡിയിലെടുത്തു. ചവറ തെക്കുഭാഗം സ്വദേശി അസ്‌ലമും (23) പശ്ചിമബംഗാള്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ ഭരണിക്കാവില്‍വെച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.
വാന്‍ കടന്നുപോയപ്പോള്‍ ദുര്‍ഗന്ധം വമിച്ചതാണ് പിടികൂടുന്നതിന് ഏറെ സഹായമായത്. പിടികൂടുമ്പോള്‍ വാഹനം നിറയെ ചാക്കുകളിലാക്കിയ ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളായിരുന്നു ഉണ്ടായിരുന്നത്. വാഹനം സ്റ്റേഷനിലെത്തിച്ചു. ദുര്‍ഗന്ധം അസഹനീയമായതോടെ മാലിന്യം നീക്കംചെയുകയുണ്ടായി. വാഹനത്തിന്റെ മുന്നിലും പിന്നിലും മില്‍മയുടെ ചിഹ്നവും പേരും ഓണ്‍ ഡ്യൂട്ടി എന്നും എഴുതിയിട്ടുണ്ട്. അതിനാല്‍ പലപ്പോഴും പിടികൂടാതെ രക്ഷപ്പെടുകയായിരുന്നു. ശാസ്താംകോട്ട സി.ഐ. അനൂപ്, എസ്.ഐ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇവരെ പിടികൂടിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി ചവറ, അടൂര്‍ റോഡിന്റെ വശങ്ങളില്‍ ചാക്കുകളില്‍ക്കെട്ടിയ നിലയില്‍ കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുകയായിരുന്നു ഉണ്ടായത്. ഇവ ചീഞ്ഞ് ദുര്‍ഗന്ധം വമിച്ചിരുന്നു.
പകര്‍ച്ചവ്യാധി സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധവും ശക്തമായിരുന്നു. പിടിയിലായവര്‍ ഇറച്ചിവില്‍പ്പന കേന്ദ്രങ്ങളില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിക്കുന്നതിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളവരാണെന്ന് പോലീസ് അറിയിച്ചു.