പത്തനംതിട്ട : മാലിന്യ ശേഖരണത്തിന്റെ പേരില്‍ പത്തനംതിട്ട നഗരസഭയില്‍ ജനങ്ങളെ പിഴിയുന്നു. നാല് കൊച്ചു പ്ലാസ്റ്റിക് ചാക്കിലെ അജൈവ മാലിന്യം കൊണ്ടുപോകാന്‍ മുന്നൂറു രൂപ വേണമെന്ന് ഹരിതകര്‍മ്മസേനയിലെ അംഗങ്ങള്‍. ക്രിസ് ഗ്ലോബല്‍ എന്ന സ്ഥാപനത്തിനാണ് പത്തനംതിട്ട നഗരത്തിലെ മാലിന്യ ശേഖരണത്തിന്റെയും സംസ്കരണത്തിന്റെയും ചുമതല. വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ശേഖരിക്കുന്നത് ഹരിതകര്‍മ്മസേനയാണ്. മാസത്തില്‍ ഒരു തവണ ഇവര്‍ വീടുകളില്‍ എത്തി അജൈവ മാലിന്യങ്ങള്‍ സ്വീകരിക്കും. 60 രൂപയാണ് ഇതിനു ഹരിതകര്‍മ്മ സേനക്ക് മാസം തോറും നല്‍കേണ്ടത്. ഇത് നഗരസഭ നിശ്ചയിച്ച് എല്ലാവരെയും അറിയിച്ചിട്ടുള്ളതാണ്.
സാധാരണ സംഭരിക്കുന്ന അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഓഗസ്റ്റ് മാസം നഗരസഭാ പ്രദേശത്തെ ചില്ല് മാലിന്യങ്ങളും ശേഖരിക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു. പൊട്ടാത്തതോ പൊട്ടിയതോ ആയ ചില്ല് കുപ്പികള്‍, ഗ്ലാസ്സുകള്‍, കണ്ണാടി തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ തടസ്സമില്ലാത്ത രീതിയില്‍ ചാക്കിലാക്കി നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് പണം നല്‍കണമെന്ന് നഗരസഭ പറഞ്ഞിരുന്നില്ല. ഇതനുസരിച്ച് പത്തൊന്‍പതാം വാര്‍ഡിലെ വീട്ടില്‍ നിന്നും നാല് കൊച്ചു പ്ലാസ്റ്റിക് ചാക്കില്‍ ചില്ല് മാലിന്യങ്ങള്‍ നല്‍കി. കൂടെ ഒരു ചെറിയ ജനല്‍ ഗ്ലാസ് പൊട്ടിയതും നല്‍കി. ഇത്രയും ശേഖരിക്കുന്നതിന് 300 രൂപ വേണമെന്ന് ഹരിതകര്‍മ്മ സേനയിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. തുകയെക്കുറിച്ച് സംശയം ചോദിച്ചപ്പോള്‍ അത് ഇരുനൂറില്‍ നിര്‍ത്തി. പത്തനംതിട്ട നഗരസഭയുടെ രസീതും നല്‍കി.
നിരക്ക് കൂടുതല്‍ വാങ്ങിയതിനെക്കുറിച്ച് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സിനോട് പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ക്രിസ് ഗ്ലോബല്‍ ഉടമ വിഷയത്തില്‍ ഇടപെടുകയും അടുത്തദിവസം നേരില്‍ എത്തി പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞു. എന്നാല്‍ ഇതേ സമയം ഹരിതകര്‍മ്മ സേനയിലെ അംഗം വീട്ടിലെത്തി രസീത് ആവശ്യപ്പെട്ടു. രസീത് നല്‍കിയപ്പോള്‍ അത് പഴയ ബുക്കില്‍ വെച്ച് അഞ്ചു ചാക്ക് മാലിന്യം എടുത്തുവെന്ന് തിരുത്തി നല്‍കി. നിലവില്‍ നാല് കൊച്ചു ചാക്കിലാണ് മാലിന്യം ഇവിടെനിന്നും കൊണ്ടുപോയത്.
മാലിന്യം ശേഖരിക്കുവാന്‍ വരുന്നവര്‍ ഇഷ്ടംപോലെ തുക എഴുതിവാങ്ങുന്നതിനെതിരെ എങ്ങും പ്രതിഷേധമായി. വലിയ തുക ഇടാക്കിയാല്‍ അജൈവ മാലിന്യം നല്‍കുന്നതില്‍ നിന്നും ജനങ്ങള്‍ പിന്തിരിയും. മാലിന്യ ശേഖരണത്തിന്റെ പേരില്‍ നഗരവാസികളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കുവാന്‍ നഗരസഭാ അധികൃതര്‍ അടിയന്തിരമായി ഇടപെടണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.