റാന്നി : റാന്നി ഇട്ടിയപ്പാറയിൽ മാലിന്യങ്ങൾ കത്തിക്കുന്നത് കച്ചവടക്കാർക്കും വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. ജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിന് ഇട്ടിയപ്പാറ ചന്തയിലും ബസ് സ്റ്റാൻഡിനു സമീപവും തുമ്പൂർമൂഴി മാതൃക സംവിധാനം ഒരുക്കിയിട്ടുണ്ട്.
പ്ലാസ്റ്റിക് അടക്കമുള്ള മറ്റ് മലിനവസ്തുക്കൾ ഹരിത കർമസേന ശേഖരിച്ച് ഷെഡിൽ സൂക്ഷിക്കുകയാണ്. ഇതിലൊന്നും ഉൾപ്പെടാത്ത മലിനവസ്തുക്കളാണ് ചന്തയിലും ബസ് സ്റ്റാൻഡിനു സമീപവും ഇട്ട് കത്തിക്കുന്നത്.
കത്തിക്കുമ്പോൾ ഉണ്ടാകുന്ന ദുർഗന്ധം മൂലം കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. മീനിന്റെ അവശിഷ്ടങ്ങൾ ചന്തയുടെ പരിസരങ്ങളിൽ തള്ളിയാണ് പല കച്ചവടക്കാരും പോകുന്നത്. അവ ഇവിടെ കിടന്നു ചീഞ്ഞു നാറും. ചന്തയിലെ മറ്റു മലിനവസ്തുക്കൾക്ക് ഒപ്പമിട്ട് ഇതും കത്തിക്കും. മീൻ മുള്ളും എല്ലുകളും മറ്റും കത്തിക്കുമ്പോഴുള്ള ദുർഗന്ധം അസഹനീയമാണ്.
ഇതേ അവസ്ഥയാണ് ബസ് സ്റ്റാൻഡിന്റെ പരിസരത്തുമുള്ളത്. തുമ്പൂർമൂഴി മാതൃക സംസ്കരണ പ്ലാന്റിൽ ഇടാനാകാത്ത മലിനവസ്തുക്കൾ കുഴിയിലിട്ട് കത്തിക്കുന്നത് മൂലമുണ്ടാകുന്ന അസഹനീയമായ ദുർഗന്ധം മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോയെന്ന ആശങ്കയിലാണ് കച്ചവടക്കാർ.