റാന്നി : മലിന്യ നീക്കം നിലച്ച് പഴവങ്ങാടി പഞ്ചായത്ത്. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിര്‍മ്മിച്ചിരിക്കുന്ന ഷെഡ്രിങ് യൂണിറ്റിന് മുന്നില്‍ മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഷെഡില്‍ നിറയെ ചാക്കില്‍ നിറച്ച നിലയില്‍ മാലിന്യ കൂമ്പാരവും. വെള്ളം കയറിയതിനാല്‍ തരം തിരിച്ച മാലിന്യങ്ങള്‍ ഉപേക്ഷിച്ച മട്ടാണ്. പ്ലാസ്റ്റിക്, ഖരമാലിന്യങ്ങളായി തരം തിരിച്ചവയാണിത്. ഇത് സംസ്ക്കരിക്കാതെ ഷെഡില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ വീണ്ടും മാലിന്യം സൂക്ഷിക്കാന്‍ സ്ഥലം ഇല്ലാതായിരിക്കുകയാണ് ഇപ്പോള്‍.
തുമ്പൂര്‍മൂഴി മോഡല്‍ എന്നുപറഞ്ഞു കൊട്ടിഘോഷിച്ച മാലിന്യ സംസ്ക്കരണ പദ്ധതിയും പാളിയിരിക്കുകയാണ്. ചന്ത, സ്വകാര്യ – കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇപ്പോള്‍ മാലിന്യ നീക്കം നിലച്ചിരിക്കുകയാണ്. ലോക്ക് ഡൗണിന് മുമ്പ് കൃത്യമായി മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും നീക്കിയിരുന്നു. മാലിന്യ നീക്കം പൂര്‍ണ്ണമായും നിലച്ചാല്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.