റാന്നി : പെരുനാട് ശുഭാനന്ദ ആശ്രമത്തിനോട് സാമ്യമുള്ള ശുഭാനന്ദ ശാന്തി ആശ്രമം എന്ന പേരിൽ ട്രസ്റ്റ് രൂപീകരിച്ച് പൂവത്തുംമൂടിന് അടുത്ത് മാടത്തുംപടി ഭാഗത്ത് ദമ്പതികൾ നടത്തുന്ന സ്ഥാപനത്തിലെ കക്കൂസിന്റെ സെപ്റ്റിക് ടാങ്കിൽ നിന്നുള്ള മാലിന്യം പമ്പാ നദിയിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ പ്രദേശവാസികൾ രൂപീകരിച്ച മാടത്തുംപടി പൗരസമിതി പ്രതിഷേധിച്ചു. മാലിന്യം പമ്പാനദിയിൽ ഒഴുക്കുന്നതിന് തൊട്ടു താഴെയാണ് പ്രദേശവാസികൾക്ക് ശുദ്ധജലം വിതരണം ചെയ്യാനുള്ള വാട്ടർ അതോറിറ്റിയുടെ രണ്ട് പമ്പിങ് സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്നത്. ഇതിനെതിരെ പൗരസമിതി നൽകിയ പരാതിയിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ട്രസ്റ്റ് ഉടമസ്ഥന് നോട്ടീസ് നൽകിയിരുന്നു, എന്നാൽ ഇഷ്ടികകൊണ്ട് ചെറിയ കെട്ട് നിർമ്മിച്ച് അവിടെ കുറച്ചു മണ്ണ് വാരിയിട്ട് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നത് കാണാത്ത രീതിയിൽ മറക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്.
പാറപ്പുറത്ത് നിർമ്മിച്ചിരിക്കുന്ന ഈ ടാങ്ക് തികച്ചും അശാസ്ത്രീയമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ ദമ്പതികൾ ട്രെസ്റ്റിന്റെ മുൻവശത്തുള്ള പൊതുവഴി മറ്റുള്ളവർ ഉപയോഗിക്കുന്നത് തടയുകയും ഇതുവഴി സ്ഥിരമായി യാത്ര ചെയ്യുന്ന സ്ത്രീകളെയടക്കം തടഞ്ഞു നിർത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പൊതുവഴി വാർഡ് മെമ്പറിന്റെ സാന്നിധ്യത്തിൽ വൃത്തിയാക്കുന്നതിനിടെ ദമ്പതികൾ പൊതുജനങ്ങളെ മാരകായുധങ്ങളുമായി ആക്രമിക്കുകയും ബിന്ദു ഷാജി എന്നയാളിന്റെ കയ്യിലെ എല്ലിന് പൊട്ടൽ ഉണ്ടാവുകയും ചെയ്തു. ഇതിനെതിരെ പോലീസിലും മറ്റു ബന്ധപ്പെട്ട വകുപ്പുകളിലും പരാതി നൽകിയെങ്കിലും അനുകൂല നടപടി ഉണ്ടാകാത്തതിനെ തുടർന്ന് പൗരസമിതി പ്രതിഷേധ ജാഥയും, യോഗവും നടത്തി.
ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട വകുപ്പുകൾ ഉപരോധിക്കുന്നടക്കമുള്ള സമരപരിപാടികളുമായി മുൻപോട്ടു പോകുമെന്ന് പൗരസമിതി പ്രസിഡന്റ് ജയേന്ദ്രൻ കോട്ടൂര് അറിയിച്ചു. പൊതുപ്രവർത്തകരും സാംസ്കാരിക പരിസ്ഥിതി പ്രവർത്തകരടക്കം ഉള്ള ആളുകൾ പങ്കെടുത്ത പ്രതിഷേധ യോഗം വാർഡ് മെമ്പർ അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല മുഖ്യപ്രഭാഷണം നടത്തി, ജെഎസ്എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ, അട്ടത്തോട് പട്ടികവർഗ്ഗ കോളനിയിലെ ഊരുമൂപ്പൻ എ.ആർ നാരായണൻ, സാനു മാമ്പാറ, മോളി ഷാജി, ആശാ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.