റാന്നി : ലക്ഷങ്ങൾ മുടക്കിയ പദ്ധതി നോക്കുകുത്തിയായപ്പോള്‍ പഴവങ്ങാടിയിൽ വീണ്ടും മാലിന്യ സംസ്കരണം നാടന്‍ ശൈലിയിലായി. ഇടക്കാലത്ത് നിർത്തിവച്ചിരുന്ന സംസ്കരണ കേന്ദ്രത്തിന് പുറത്തിട്ട് മാലിന്യം കത്തിക്കുന്ന ശീലം വീണ്ടും തുടങ്ങിയതായി പരാതി.
താലൂക്കിലെ പ്രധാന ടൗണായ ഇട്ടിയപ്പാറയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്നുള്ള പരാതിയുടേയും പ്രതിഷേധത്തിന്‍റെയും ഒടുവിൽ ലക്ഷങ്ങൾ മുടക്കി വിവിധ ഘട്ടങ്ങളിലായാണ് സംസ്കരണ കേന്ദ്രം പ്രവർത്തനക്ഷമമായത്. മാലിന്യങ്ങൾ ശേഖരിച്ച് ജൈവ, അജൈവ മാലിന്യങ്ങള്‍ എന്നിവയായി തരം തിരിച്ചു സംസ്കരണം നടത്തുന്ന ഷെഡ്രിങ് യൂണിറ്റിന്റെ പരിസരവും സമീപ പ്രദേശങ്ങളും മാലിന്യം കത്തുന്ന പുകപടരുകയാണ്.
കഴിഞ്ഞ പത്തു വർഷക്കാലമായി സംസ്കരണ കേന്ദ്രത്തിന് പണം മുടക്കുകയും വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തങ്കിലും മാലിന്യങ്ങൾ പുറത്ത് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു പതിവ്. ഇതിനെ പ്രതിവിധി കാണാനായി കഴിഞ്ഞ ഭരണസമതിയുടെ അവസാന കാലത്ത് സംസ്കരണ കേന്ദ്രം പൂർത്തികരിക്കുകയായിരുന്നു.
പുതിയ ഭരണസമതി കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ ശേഷം കരാര്‍ കമ്പനിയായ ക്ലീൻ കേരള കമ്പനി മാലിന്യ ശേഖരണം തുടങ്ങിയിരുന്നു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ബസ് സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന സംസ്കരണ കേന്ദ്രത്തിൽ ശേഖരിച്ചിരുന്ന മാലിന്യങ്ങൾ കമ്പനി മാറ്റുകയും ചെയ്തിരുന്നു.
എന്നാൽ കോറോണാ വ്യാപനം രണ്ടാഘട്ടം എത്തിയതോടെ കടകൾ അടഞ്ഞുകിടക്കുന്നതിനാൽ ഹരിത സേന പ്രവർത്തനം നിർത്തിയതോടെ മാലിന്യ സംസ്ക്കരണം കീറാമുട്ടിയായി മാറി. കഴിഞ്ഞ ആറുമാസക്കാലമായി പ്രവർത്തനം നടത്താത്തതിനാൽ മാലിന്യകേന്ദ്രം തന്നെ കാടു മൂടുകയായിരുന്ന സ്ഥിതിയുണ്ടായി.
പുതിയഭരണസമതി മാലിന്യപ്രശ്നത്തിന്റ പരാതിയുടെ ഗൗരവം കണക്കിലെടുത്ത് തകരാറിലായിരുന്ന ഷെഡ്രിങ്ങ് യന്ത്രത്തിന്‍റെ തകരാർ പരിഹരിക്കുകയും ഹരിത സേനയുടെ സഹായത്തോടെ തരം തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിയ്ക്ക് നല്കി തുടങ്ങിയതോടെ സജീവമായ പ്രവർത്തനമാണ് ഇപ്പോൾ അവതാളത്തിലായത്.