പത്തനംതിട്ട : ജല അതോറിറ്റി തിരുവല്ല പി.എച്ച് സെക്ഷന്‍ ഉപയോക്താവിന് നല്‍കിയ 40,767 രൂപയുടെ 3 ബില്ലുകൾ റദ്ദുചെയ്യണമെന്ന ഉത്തരവുമായി ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ. തിരുവല്ല തുകലശ്ശേരി കളരിപറമ്പിൽ കെ. ഉണ്ണികൃഷ്‌ണൻ നായർ കമ്മീഷനില്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ് ഉണ്ടായത്.കഴിഞ്ഞ 15 വർഷമായി 732 രൂപാ ശരാശരി ബില്ലാണ് ജല അതോറിറ്റി നൽകിയിരുന്നത്. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ചെറിയ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. അധികമായി വെള്ളം ഉപയോഗിക്കേണ്ട ആവശ്യം ഇവർക്കില്ല. 15-10-2022 ൽ 13,377 രൂപായുടെ ബില്ലു കിട്ടിയപ്പോൾ അതോറിറ്റി തിരുവല്ല ഡിവിഷനിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
തുടർന്ന് 14-12 -2022 ൽ 13,613 രൂപയുടേയും 09-02-2023 ൽ 13,839 രൂപയുടേയും ബില്ലുകൾ ജല അതോറിറ്റി ഉണ്ണികൃഷ്ണന് നൽകുകയുണ്ടായി. ഈ ബില്ലുകൾ എല്ലാം വന്നപ്പോഴും പരാതിയുമായി ജല അതോറിറ്റി ഓഫീസിൽ എത്തിയെങ്കിലും ഉദ്യോഗ സ്ഥൻമാർ വളരെ മോശമായി പ്രതികരിക്കുകയും മറ്റുമാണ് ചെയ്തത്. തുടർന്നാണ് ഉണ്ണികൃഷ്ണന്‍ കേരള ജല അതോറിറ്റി പി.എച്ച് സബ് ഡിവിഷന്‍ അസി.എഞ്ചിനീയറെ എതിർകക്ഷിയാക്കി പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷനിൽ പരാതി സമർപ്പിച്ചത്.കമ്മീഷനിൽ പരാതി സമർപ്പിച്ചത്.
ഇരുകൂട്ടരേയും കമ്മീഷനിൽ വരുത്തി തെളിവെടുപ്പ് നടത്തി. ഉണ്ണികൃഷ്ണന്‍റെ വീട്ടിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ മീറ്ററിന്റെ തകരാറുമൂലമാണ് തെറ്റായ റീഡിംഗിൻ്റെ അടിസ്ഥാനത്തിൽ ഭീമമായ ബില്ലുകൾ നൽകിയിട്ടുള്ളതെന്ന് കമ്മീഷന് ബോധ്യപ്പെട്ടു. ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം നൽകിയ 3 ബില്ലുകളും തെറ്റാണെന്ന് കമ്മീഷൻ തെളിവുകളുടെ അടിസ്ഥാനത്തിൽ കണ്ടെത്തി. ജല അതോറിറ്റിയുടെ മീറ്ററുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ മാറി നൽകേണ്ട ഉത്തരവാദിത്വം ഉണ്ടെന്നും അതിൻ്റെ പേരിൽ ഉപഭോക്താക്കളെ ബുദ്ധിമുട്ടിച്ചാൽ ഉദ്യോഗസ്ഥരുടെ പേരിൽ നടപടിയെടുക്കാൻ കമ്മീഷൻ തയ്യാറാകുമെന്നും കമ്മീഷൻ പറഞ്ഞു.
ഇതുവരെയായിട്ടും വാട്ടർ കണക്ഷൻ വിച്ഛേദിക്കാത്തതിനാൽ തുടർ നടപടിക്ക് കമ്മീഷൻ പോകുന്നില്ലെന്നും വാട്ടർ അതോറിറ്റി നൽകിയ 40,767 രൂപായുടെ 3 ബില്ലുകൾ റദ്ദുചെയ്യുന്നതായി ഉത്തരവിടുകയും ചെയ്തു. ഹർജിയുടെ പൊതുസ്വഭാവം മനസ്സിലാക്കി ഇരുകൂട്ടർക്കും ഉണ്ടായിട്ടുള്ള ചിലവുകൾ അവരവർ തന്നെ വഹിക്കാൻ കമ്മീഷൻ ഉത്തരവിടുകയും ചെയ്തു. കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്.