പൂഞ്ഞാര്‍ : മാളിക വേങ്ങത്താനം അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ഒന്നാം മൈല്‍ കൊച്ചുറോഡ് സ്വദേശി ഫഹദ് മന്‍സിലില്‍ ഷാജി – ബീന ദമ്പതികളുടെ ഇളയ മകന്‍ അഹദ് (20)ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് എത്തിയ സഹദ് സുഹൃത്തുക്കള്‍ക്കൊപ്പം അരുവിയില്‍ കുളിക്കാനിറങ്ങവേ കോതടി കയത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്ക് തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കാഞ്ഞിരപ്പള്ളി അഗ്നിശമന ഓഫിസില്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട ഫയര്‍ ഫോഴ്‌സും ഈരാറ്റുപേട്ട നന്മക്കുട്ടം സംഘവും സ്ഥലത്തെത്തിയാണ് അഹദിനെ വെള്ളച്ചാട്ടത്തില്‍ നിന്നും പുറത്ത് എത്തിച്ചത്.
തുടര്‍ന്ന് ആംബുലന്‍സില്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ജമാഅത്ത് നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ കബറടക്കും. ഫഹദ് ഏക സഹോദരനാണ്.