വാടാനപ്പള്ളി : പെട്രോളില്‍ വെള്ളം കലര്‍ന്നതിനെ തുടര്‍ന്ന് പമ്പില്‍നിന്ന് ഇന്ധനം നിറച്ചുപോയ വാഹനങ്ങള്‍ ഒരു കിലോമീറ്റര്‍ പോയപ്പോഴേക്കും നിശ്ചലമായി. പരിശോധനയില്‍ പെട്രോളില്‍ വെള്ളം കലര്‍ന്നതാണ് മനസ്സിലായതിനാല്‍ ഉപഭോക്താക്കള്‍ വാഹനങ്ങളുമായി പെട്രോള്‍ പമ്പിലെത്തി ബഹളം വെച്ചു. തുടര്‍ന്ന് ജീവനക്കാര്‍ പമ്പ് അടച്ചു. ബുധനാഴ്ച കാറില്‍ പെട്രോള്‍ നിറച്ച് തൃശൂരിലേക്ക് ജോലിക്ക് പോവുകയായിരുന്ന തളിക്കുളം സ്വദേശി സുനീഷിന്റെ വാഹനം കണ്ടശാംകടവില്‍ എത്തിയതോടെ നിശ്ചലമായി.
തുടര്‍ന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി നടത്തിയ പരിശോധനയിലാണ് പെട്രോളില്‍ കൂടുതലും വെള്ളമാണെന്ന് കണ്ടെത്തിയതെന്ന് സുനീഷ് പറഞ്ഞു. ഇതേ തുടര്‍ന്ന് പെട്രോള്‍ പമ്പില്‍ ബന്ധപ്പെട്ടപ്പോള്‍ കാരണം അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഈ സമയം തന്നെ മറ്റു ചില ആളുകളും ഇതേ പ്രശ്നം തങ്ങള്‍ക്കും ഉണ്ടായതായി ചൂണ്ടിക്കാട്ടി പമ്പിലെത്തി ബഹളം വച്ചു. തുടര്‍ന്ന് പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു. മുമ്പും ഈ പെട്രോള്‍ പമ്പിനെതിരെ ഇതേ ആരോപണം ഉയര്‍ന്നിരുന്നു.