തിരുവല്ല : സംസ്ഥാനത്ത് കുടിവെള്ള കണക്ഷന്‍ ഇല്ലാത്ത 10 ലക്ഷം കുടുംബങ്ങളിലേക്ക് ഈ വര്‍ഷം കുടിവെള്ളമെത്തിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓതറയില്‍ പുതുക്കുളങ്ങര പാലത്തിന്റെ നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വരട്ടാര്‍ പുനരുജീവനം പൂര്‍ത്തിയായാല്‍ എല്ലാ വീടുകളിലും വരുമാനം ലഭിക്കുന്ന രീതിയില്‍ കൃഷി തുടങ്ങാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ആദി പമ്പ-വരട്ടാര്‍ പുനരുജീവനം രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നദിയിലെ നീരൊഴുക്കിന് തടസമായി നിന്ന കലുങ്കുകളുടെ സ്ഥാനത്താണ് പാലങ്ങള്‍ നിര്‍മിക്കുന്നത്. പാലം നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ പണം അനുവദിച്ച് സാങ്കേതിക അനുമതി അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു വരുകയാണ്. പാലങ്ങളുടെ നിര്‍മ്മാണത്തില്‍ ഇരവിപേരൂര്‍-ചെങ്ങന്നൂര്‍ പുതുക്കുളങ്ങര പാലം, കുറ്റൂര്‍-തിരുവന്‍വണ്ടുര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ആനയാര്‍ പാലം എന്നിവയുടെ ഡിസൈന്‍ അന്തിമമാക്കി ടെന്‍ഡര്‍ ചെയ്തു. രണ്ടാം ഘട്ടത്തില്‍ നാലു പാലങ്ങളാണ് ആദ്യം നിര്‍മിക്കുന്നത്. തുടര്‍ന്ന് നാലു പാലങ്ങള്‍ കൂടി നിര്‍മ്മിക്കും. നാലര കോടി രൂപയാണ് പഴയകാവ് പരുമൂട്ടില്‍ – മംഗലം ഓതറ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചിലവ്. ആനയാര്‍ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം ഒരു മാസത്തിനുള്ളില്‍ നടത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.