കോഴിക്കോട്: താമരശേരി ചുരത്തില്‍ മാലിന്യം തള്ളിയാല്‍ ഇനി കര്‍ശന നടപടി. അടിവാരം മുതല്‍ ലക്കിടിവരെ കാടിനിടയില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാന്‍ വകുപ്പ് മേലധികാരികളുടെ യോഗം തീരുമാനിച്ചു. താമരശേരി ചുരം സംരക്ഷണം പരിപാലനം ശുചിത്വം എന്ന വിഷയത്തെ മുന്‍നിര്‍ത്തി പുതുപ്പാടി പഞ്ചായത്ത് ഹാളില്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് കലക്ടര്‍ എ ഗീത നിര്‍ദേശം നല്‍കിയത്. മാലിന്യങ്ങള്‍ പരിശോധിച്ച് തെളിവ് ലഭിച്ചാല്‍ കനത്ത പിഴയും പ്രോസിക്യൂഷന്‍ നടപടിയുമെടുക്കാന്‍ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തി. മാലിന്യം കൊണ്ടുവരുന്ന വാഹനം പിടിച്ചെടുക്കും.
ചുരത്തില്‍ വാഹനം നിര്‍ത്തി കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് നിരോധിക്കും. ചുരത്തില്‍ ആര്‍ടിഒ, പൊലീസ്, ഹൈവേ പട്രോളിങ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ സംയുക്ത പരിശോധന നടത്തും. ഇവിടെ പാര്‍ക്കിങ് നിരോധിക്കും. ലൈസന്‍സ് ഇല്ലാതെ കച്ചവടം നടത്തുന്നവര്‍ക്കും റോഡ് കൈയേറിയവര്‍ക്കും നോട്ടീസ് നല്‍കും. ചുരത്തില്‍ കോണ്‍ക്രീറ്റ് പാരപ്പറ്റ് പുനര്‍നിര്‍മാണം, മാലിന്യം വലിച്ചെറിയല്‍ എന്നിവയ്ക്ക് പിഴ ഈടാക്കുന്നത് സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.