വയനാട് : ജില്ലയില്‍ കനത്ത മഴയ്ക്ക് ശമനം. എവിടെയും ഇപ്പോള്‍ മഴപെയ്യുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വെള്ളക്കെട്ട് രൂപപ്പെട്ട ബത്തേരി ടൗണ്‍, ചീരാല്‍ വെള്ളച്ചാല്‍ കോളനി എന്നിവിടങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി. പാമ്പുകുനി കോളനിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 33 വയസുകാരന്‍ വിനോദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഫയര്‍ഫോഴ്‌സ് ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ രാവിലെ വീണ്ടും തുടങ്ങും. കഴിഞ്ഞ ദിവസം രാത്രി മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിലാണ് കനത്ത മഴ പെയ്തത്.
എന്നാല്‍ ബാണാസുര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കൂടുതല്‍ അളവില്‍ മഴപെയ്യാതിരുന്നത് ആശ്വാസമായി. ഡാമിലെ ജലനിരപ്പില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വയനാട്ടില്‍ പത്തിലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി അന്‍പതോളം കുടുംബങ്ങളെയാണ് നിലവില്‍ മാറ്റിപാര്‍പ്പിച്ചത്. ഉരുള്‍ പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.