തിരുവനന്തപുരം : വയനാട്ടില്‍ പ്രളയത്തില്‍ വീട് തകര്‍ന്ന യുവാവ് സഹായം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത സംഭവം പിണറായി സര്‍ക്കാരിന്റെ പാവങ്ങളോടുള്ള സമീപനവും കെടുകാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും സഹായമായി പതിനായിരം രൂപ പോലും ലഭിക്കാത്ത നിരവധി പേരാണ് സംസ്ഥാനത്തുള്ളതെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സാങ്കേതികത്വത്തിന്റെ നൂലാമാലകളില്‍ പറഞ്ഞ് സഹായം നല്‍കാതിരിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥര്‍ എല്ലായിടത്തും സ്വീകരിക്കുന്നത്. ഇത് തെളിയിക്കുന്നതാണ് വയനാട്ടിലെ മേപ്പാടി സനിലിന്റെ ആത്മഹത്യ. ഈ ആത്മഹത്യ പിണറായി സര്‍ക്കാര്‍ നടത്തിയ കൊലപാതകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാരില്‍ നിന്നും വ്യക്തികളില്‍ നിന്നും മറ്റുമായി കോടിക്കണക്കിനു രൂപയാണ് സര്‍ക്കാരിലേക്കു വന്നത്. ഇത് ദുരിതമനുഭവിക്കുന്നവര്‍ക്ക് യഥാസമയം നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട സനിലിന് സഹായം നല്‍കാതെ പരിശോധനകള്‍മാത്രം നടത്തുകയാണുണ്ടായത്. പതിനായിരം രൂപപോലും അദ്ദേഹത്തിന് നല്‍കാനായില്ല. എന്നിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സര്‍ക്കാര്‍ പാവങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്.
2018ലുണ്ടായ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പോലും ഇനിയും മുഴുവന്‍ സഹായവും നല്‍കാന്‍ സര്‍ക്കാരിനായിട്ടില്ല. 2019ലും അവര്‍ക്ക് തന്നെ വീണ്ടും പ്രളയദുരന്തം നേരിടേണ്ടിവന്നു. വീടും കൃഷിയും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് കൈത്താങ്ങാകേണ്ട സര്‍ക്കാര്‍ ജനങ്ങളെ പീഡിപ്പിക്കുകയാണു ചെയ്യുന്നതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.
മേപ്പാടിയിലെ സനല്‍ ആത്മഹത്യ ചെയ്ത ശേഷം അദ്ദേഹത്തിന് എല്ലാം നല്‍കുമെന്ന് പറയുന്ന സര്‍ക്കാര്‍ ദുരിതമനുഭവിക്കുന്നവരോട് ക്രൂരമായാണ് പെരുമാറുന്നത്. ഇപ്പോള്‍ പതിനായിരം രൂപ അടിയന്തിര സഹായം നല്‍കുമെന്നും രണ്ടുദിവസത്തിനകം ഭൂമി അനുവദിക്കുമെന്നും പറയുന്നവര്‍ ആ യുവാവിന്റെ മരണത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്നു വേണം കരുതാന്‍. ഇനിയും മരണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.