കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ കേസ് എടുക്കുന്നതിനെതിരെ ഹര്‍ജി നല്‍കിയ നടിയ്‌ക്കെതിരെ ഡബ്ല്യുസിസി. നടിയുടെ ഹര്‍ജിയില്‍ നോട്ടീസ് അയയ്ക്കുന്നതിനെതിരെ ഡബ്ല്യുസിസി രംഗത്തെത്തി. പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞതിനാല്‍ പ്രമുഖ നടിയുടെ വാദങ്ങള്‍ അപ്രസക്തമാണെന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. പഠന വിഷയമെന്ന നിലയ്ക്ക് മാത്രമാണ് താന്‍ ഹേമ കമ്മിറ്റി മുന്‍പാകെ മൊഴി നല്‍കിയതെന്നും കേസിലെ തുടര്‍നടപടികള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും ഹര്‍ജി നല്‍കിയ നടി വിശദീകരിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാനില്ലെന്ന് താന്‍ മൊഴി കൊടുക്കുന്ന വേളയില്‍ തന്നെ പറഞ്ഞിരുന്നെന്നാണ് പ്രമുഖ നടിയുടെ വിശദീകരണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ പ്രത്യേക അന്വേഷണ സംഘം നടപടിയെടുക്കുന്നത് മനോവിഷമമുണ്ടാക്കുന്നു. പോലീസിന്റെ തുടര്‍ നടപടികള്‍ക്കെതിരെയാണ് സുപ്രിംകോടതിയെ സമീപിച്ചതെന്നും നടി വ്യക്തമാക്കി.
തന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലാത്തവരെ പോലും അന്വേഷണസംഘം ബുദ്ധിമുട്ടിക്കുന്നുവെന്നാണ് നടി പറയുന്നത്. തനിക്ക് നേരിട്ടത് ഒറ്റപ്പെട്ട സംഭവം മാത്രമായതിനാലും അതില്‍ താന്‍ ആസൂത്രണം സംശയിക്കാത്തതിനാലുമാണ് കേസ് വേണ്ടെന്ന് പറഞ്ഞതെന്ന് നടി പറയുന്നു. ഇത് കരുതിക്കൂട്ടി തനിക്കെതിരെ ചെയ്ത കാര്യമായിരുന്നുവെങ്കില്‍ കേസുമായി മുന്നോട്ടുപോകാന്‍ പറഞ്ഞേനെ. അന്വേഷണസംഘം ബന്ധപ്പെട്ടപ്പോഴും കേസ് വേണ്ടെന്ന് താന്‍ പറഞ്ഞതാണെന്നും സിനിമാ മേഖല മെച്ചപ്പെടാനുള്ള പഠന വിഷയമായി കണ്ടാണ് തന്റെ അനുഭവം ഹേമ കമ്മിറ്റി മുന്‍പാകെ പറഞ്ഞതെന്നും നടി വ്യക്തമാക്കി.