ഡൽഹി: മണിപ്പൂരിൽ കോടതി ഉത്തരവിനെതിരെ ഗോത്ര വിഭാഗങ്ങളുടെ പ്രതിഷേധം തുടരുകയാണ്. സംസ്ഥാനത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ഇന്ത്യൻ സൈന്യവും അർദ്ധസൈനിക വിഭാഗവും മണിപ്പൂരിലെ അക്രമ ബാധിത പ്രദേശങ്ങളിൽ ഫ്ലാഗ് മാർച്ചും രക്ഷാപ്രവർത്തനവും നടത്തിവരുന്നു. ഇന്നലെ രാത്രി മണിപ്പൂരിലെ എട്ട് ജില്ലകളിൽ വ്യാപക അക്രമമാണ് ഉണ്ടായത്. ഇതിനെ തുടർന്ന് സൈന്യത്തെയും അർദ്ധസൈനിക വിഭാഗത്തെയും വിന്യസിക്കുകയായിരുന്നു.
മണിപ്പൂരിലെ സിവിൽ അഡ്മിനിസ്ട്രേഷന്റെ അഭ്യർത്ഥന മാനിച്ച്, ആർമി, ‘അസം റൈഫിൾസ്, മെയ് 3 ന് വൈകുന്നേരം, എല്ലാ അക്രമബാധിത ബാധിത പ്രദേശങ്ങളിലും സേനയെ വിന്യസിച്ചു. ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നാണ് ഇന്ത്യൻ സൈന്യം പറഞ്ഞു. രാത്രി മുഴുവൻ സൈന്യം രക്ഷാപ്രവർത്തനം നടത്തി. ഇതിനകം 7,500 സാധാരണക്കാരെയാണ് ഒഴിപ്പിച്ചത്.
സൈനിക ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ വീടുകൾ സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തി. ആളുകളോട് ഒന്നും സംഭവിക്കില്ല, നിങ്ങൾ സുരക്ഷിതരാണെന്ന് സൈന്യം ഉറപ്പ് നൽകുന്നത് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വീഡിയോകളിൽ കാണാം. മണിപ്പൂരിൽ ആദിവാസി ഇതര വിഭാഗമായ മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവിനെതിരെയാണ് ഗോത്ര വിഭാഗങ്ങൾ പ്രതിഷേധിക്കുന്നത്.
ഇംഫാൽ, ചുരാചന്ദ്പൂർ, കാങ്പോക്പി എന്നിവിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മണിപ്പൂരിലെ എട്ട് ജില്ലകളിൽ ഇന്നലെ രാത്രി കർഫ്യൂ ഏർപ്പെടുത്തി. സംസ്ഥാനത്ത് മൊബൈൽ ഇന്റർനെറ്റ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെ സഹായം തേടി ബോക്സിംഗ് താരം മേരി കോം രംഗത്തെത്തി. തന്‍റെ നാടു കത്തുകയാണെന്നും സഹായിക്കണമെന്നും മേരി ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‍നാഥ് സിംഗ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് ബോക്സിംഗ് താരത്തിന്‍റെ ട്വീറ്റ്.
Violence erupted in Churachandpur, Kangpokpi & Imphal districts in #Manipur.
Columns of #IndianArmy, #AssamRifles & @manipur_police intervened to control the situation.
Approx 4000 villagers provided shelter in Army/Assam Rifles camps@SpokespersonMoD @adgpi @official_dgar— PRO, Kohima & Imphal, Ministry of Defence (@prodefkohima) May 4, 2023