ന്യൂഡല്‍ഹി: തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത പശ്ചാത്തലത്തില്‍ അധികം വൈകാതെ ഡിസിസി പുനഃസംഘടന നടത്താനും താഴെത്തട്ടില്‍ പ്രവര്‍ത്തനം തുടങ്ങാനും കേരളത്തിലെ പുതിയ കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശം. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കൊനുഗലുവിന്റെ റിപ്പോര്‍ട്ട് പ്രകാരം മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് പിന്നാക്കാവസ്ഥയുണ്ടെന്നും ഇവിടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. കെപിസിസി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ പങ്കെടുത്തില്ല. സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധവികാരമുണ്ടെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകളെന്നും ഐക്യത്തോടെ നിന്നാല്‍ കേരളത്തില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്നും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി നേതാക്കളോട് പറഞ്ഞു.
വേഗത്തില്‍ പുനഃസംഘടന നടത്തി തിരഞ്ഞെടുപ്പിനായി സംഘടനയെ സജ്ജമാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും നിര്‍ദേശിച്ചു. പുതിയ ഭാരവാഹികളെ സംസ്ഥാന കോണ്‍ഗ്രസ് ഒറ്റക്കെട്ടായി അംഗീകരിച്ചെന്ന് രാഹുലും ഖാര്‍ഗെയും പറഞ്ഞു. ഉത്തരകേരളത്തിലും ദക്ഷിണകേരളത്തിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നും കൃത്യമായ സോഷ്യല്‍ എന്‍ജിനിയറിങ്ങിലൂടെ തിരഞ്ഞെടുപ്പ് വിജയിക്കാന്‍ ഇതുപയോഗിക്കാമെന്നുമാണ് കൊനുഗലു റിപ്പോര്‍ട്ടിന്റെ കാതല്‍.പുതുതായി ചുമതലയേറ്റ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ഇന്ദിരാഭവനില്‍നടന്ന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, മുതിര്‍ന്ന നേതാവ് എം.എം. ഹസന്‍, കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായ പി.വി. മോഹന്‍, അറിവഴകന്‍ എന്നിവരും പങ്കെടുത്തു.പുനഃസംഘടന നടത്തുമ്പോള്‍ ഒഴിവാക്കപ്പെടുന്നവര്‍ക്ക് പാര്‍ട്ടി ഏതെങ്കിലും ഉത്തരവാദിത്വം ഏല്‍പ്പിക്കണമെന്നും അല്ലെങ്കില്‍ അസംതൃപ്തരായ നേതാക്കളുടെ എണ്ണം കൂടുമെന്നും കൊടിക്കുന്നില്‍ സുരേഷ് ചൂണ്ടിക്കാട്ടി.
പുനഃസംഘടന അസംതൃപ്തരെ ഉണ്ടാക്കുന്ന പ്രക്രിയയാവരുതെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവെച്ചു. പുനഃസംഘടന നടത്തുന്നെങ്കില്‍ വേഗത്തില്‍ വേണമെന്ന് എം.എം. ഹസനും ചൂണ്ടിക്കാട്ടി. സംഘടനയെ ശക്തിപ്പെടുത്തി മുന്നോട്ടുപോവാനുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചതായി യോഗത്തിനുശേഷം സണ്ണി ജോസഫ് പറഞ്ഞു.കേരളത്തില്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുമെന്നും അതിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു. അതൃപ്തി സംബന്ധിച്ച വാര്‍ത്തകളെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തള്ളുമെന്ന് ഷാഫി പറമ്പിലും യുഡിഎഫും നേതാക്കളും ഒറ്റക്കെട്ടാണെന്ന് ദീപാദാസ് മുന്‍ഷിയും അടൂര്‍ പ്രകാശും പറഞ്ഞു.