കോഴിക്കോട്: നാമോരോരുത്തരും സനാതനധർമത്തിന്റെ കാവൽഭടന്മാരായി മാറണമെന്ന് ജുന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു. കോഴിക്കോട്ട് മഹാമണ്ഡലേശ്വർ സ്വീകരണസമിതി സംഘടിപ്പിച്ച സ്വീകരണയോഗത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സനാതനധർമ്മം തുടച്ചുനീക്കണമെന്ന് പ്രഖ്യാപിക്കുന്ന നേതാക്കന്മാരുള്ള കേരളത്തിൽ ഈ ധർമത്തെ നിലനിർത്താൻ ലക്ഷങ്ങളുണ്ട്. ഇക്കഴിഞ്ഞ മഹാകുംഭമേളയിൽ മൂന്നുലക്ഷം മലയാളികൾ പങ്കെടുത്തുവെന്നത് അതിന്റെ തെളിവാണ്. ഹിന്ദുധർമത്തിന്റെ ശക്തിയെ സൂചിപ്പിക്കുന്ന സംഗമമായിരുന്നു മഹാകുംഭമേള – സ്വാമി പറഞ്ഞു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ആമുഖപ്രഭാഷണം നടത്തി. ചിന്മയാമിഷൻ ആചാര്യൻ സ്വാമി ജിതാത്മാനന്ദ സരസ്വതി, മേപ്പാടി മാതാ അമൃതാനന്ദമയീമഠം ആചാര്യൻ സ്വാമി വേദാമൃതാനന്ദ പുരി, ശാരദാമഠം മഠാധിപതി സ്വാമി രാധപ്രാണ മാതാജി, മീനങ്ങാടി നരനാരായണാശ്രമം ആചാര്യൻ സ്വാമി ഹംസാനന്ദപുരി, മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ, മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്, സ്വാഗതസംഘം ചെയർമാൻ എം.പി. രമേശ്, അലോക് കുമാർ സാബു, എം. നിത്യാനന്ദകമ്മത്ത്, കെ.പി. ഏകനാഥൻ, കെ. ഷൈനു തുടങ്ങിയവർ സംസാരിച്ചു. സന്ന്യാസിമാരുടെ പാദപൂജയുമുണ്ടായിരുന്നു. നേരത്തേ, വാദ്യമേളങ്ങളോടെയും കളരിയുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയും സ്വാമിയെ യോഗം നടന്ന ശ്രീനാരായണ സെന്റിനറി ഹാളിലേക്ക് സ്വീകരിച്ചാനയിച്ചു.