കൊച്ചി : വീണ്ടും മഴ ഭീതിയില്‍ കേരളം. വടക്കാന്‍ കേരളത്തില്‍ ശക്തമായ മഴയാണ്. ഇടുക്കിയിലും കാലവര്‍ഷം ശക്തം. ഇതോടെ പ്രധാന അണക്കെട്ടുകളിലേക്ക് നീരോഴുക്കും കൂടി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135.40 അടിയിലെത്തിയതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മുന്നറിയിപ്പ് കൈമാറിയത്. രാത്രി പത്തോടെ ജലനിരപ്പ് 135.50 അടിയിലെത്തി. തുറക്കുന്നതിനു മുന്നോടിയായി 3 മുന്നറിയിപ്പുകളാണു നല്‍കുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ നിര്‍ദ്ദേശമുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് 15 ദിവസംകൊണ്ട് സംസ്ഥാനത്തെ കെഎസ്‌ഇബി അണക്കെട്ടുകളില്‍ 26 ശതമാനം വെള്ളം ഒഴുകിയെത്തി. കെഎസ്‌ഇബി അണക്കെട്ടുകളിലെ ജലനിരപ്പ് 59 ശതമാനം പിന്നിട്ടു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെക്കാള്‍ 8 ശതമാനം അധികമാണിത്. പൊന്മുടി, കുറ്റിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍പെരിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പെരിങ്ങല്‍കുത്തില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളും ബ്ലൂ അലര്‍ട്ടിലേക്ക് അടുക്കുകയാണ്. വടക്കന് കേരളത്തില്‍ കനത്ത മഴയാണ്. അതുകൊണ്ട് തന്നെ ഡാമുകള്‍ എല്ലാം തുറക്കേണ്ട സാഹചര്യം വരും. ഇതിനൊപ്പമാണ് ഇടുക്കിയിലെ മഴ ഉയര്‍ത്തുന്ന ഭീതി.
ഇടുക്കി അണക്കെട്ടില്‍ 60 ശതമാനം വെള്ളമായി. ഇപ്പോള്‍ 2365.80 അടി വെള്ളമാണുള്ളത്. 2369.95 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2375.95 അടിയെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കാനുള്ള നടപടി ആരംഭിക്കും. ജൂലൈയിലെ രണ്ടാഴ്ചയില്‍ സംസ്ഥാനത്തു പെയ്തത് 52.18 സെന്റിമീറ്റര്‍ മഴയാണ്. നാലു ദിവസം കൂടി മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് . ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മഴയുണ്ട്. എന്നല്‍ അത്ര ശക്തമല്ല. വരും ദിനങ്ങളില്‍ മഴ ഇതേ പോലെ തുടുര്‍ന്നാല്‍ ദുരിതം കൂടുമെന്ന് ഉറപ്പാണ്.
വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തീവ്രന്യൂനമര്‍ദമായി ശക്തി പ്രാപിച്ച ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കാനും തുടര്‍ന്ന് ഒമാന്‍ തീരത്തേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍ തുടരുന്ന ശക്തമായ മഴയിലും മണ്ണിടിച്ചിലിലും വ്യാപകനാശം ഉണ്ടായി. കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളിലായി 4 പേര്‍ മരിച്ചു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ അട്ടപ്പാടി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടോറസ്, ടിപ്പര്‍, ഗുഡ്‌സ് തുടങ്ങിയ ചരക്കു വാഹനങ്ങള്‍ ചൊവ്വാഴ്ച വരെ അട്ടപ്പാടി ചുരത്തില്‍ കൂടി യാത്ര ചെയ്യാന്‍ പാടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലിന്റേയും പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഴ തുടരുന്ന സാഹചര്യത്തില്‍ അതിജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഒരു കണ്‍ട്രോള്‍ റൂം കൂടി കോഴിക്കോട് ആരംഭിച്ചു. വയനാട് ചുരം, കുറ്റ്യാടി ചുരത്തില്‍ കൂടിയുമുള്ള യാത്ര കൂടുതല്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാസര്‍കോട് പൈവൊളികെ ചേവാര്‍ കൊന്തളക്കാട്ടെ സ്റ്റീഫന്‍ ക്രാസ്റ്റയുടെ മകന്‍ ഷോണ്‍ ആറോണ്‍ ക്രാസ്റ്റ (13), കോഴിക്കോട് ഫറോഖ് കൊളത്തറ അറക്കല്‍പാടം വലിയപറമ്ബ് അമ്മോത്ത് വീട്ടില്‍ മുസബിറിന്റെ മകന്‍ മുഹമ്മദ് മിര്‍ഷാദ് (12), എടച്ചേരി മാമ്ബയില്‍ പരേതനായ കൃഷ്ണന്റെയും കാര്‍ത്യായനിയുടെയും മകന്‍ മാമ്ബയില്‍ അഭിലാഷ് (40), വയനാട് അമ്ബലവയല്‍ കോളിയാടി നായ്ക്കമ്ബാടി കോളനിയിലെ ബാബു (37) എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴയില്‍ ഇന്നലെ 18 വീടുകള്‍ ഭാഗികമായി തകര്‍ന്നു. കോഴിക്കോട് ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതില്‍ ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചു. 42 വീടുകള്‍ ഭാഗികമായി നശിച്ചു.
മാവൂര്‍ ഗ്രാസിം ഫാക്ടറിയുടെ മതില്‍ ഇടിഞ്ഞു വീണു. തൊട്ടടുത്ത പഞ്ചായത്ത് കണ്‍വന്‍ഷന്‍ സെന്ററിലേക്ക് മഴവെള്ളവും ചെളിയും കുത്തിയൊലിച്ച് ഇറങ്ങി, വിവാഹ ആവശ്യത്തിനായി ഒരുക്കിയ ഭക്ഷണ സാധനങ്ങളും പാത്രങ്ങളും ഒഴുകിപ്പോയി. മലപ്പുറം കൊണ്ടോട്ടി മോങ്ങം ഹില്‍ടോപ്പില്‍ ദേശീയപാതയോടു ചേര്‍ന്ന് സ്വകാര്യഭൂമിയില്‍ 20 മീറ്ററോളം മണ്ണിട്ടുയര്‍ത്തിയ ഭാഗത്തെ കൂറ്റന്‍ സംരക്ഷണഭിത്തി തകര്‍ന്നു വീണു. ഭാരതപ്പുഴയില്‍ 2 ദിവസം കൊണ്ട് ജലനിരപ്പ് 2.9 മീറ്ററില്‍നിന്ന് 3.5 മീറ്ററായി ഉയര്‍ന്നു. മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തിയതോടെ ഭാരതപ്പുഴയുടെ തീരത്തുള്ളവരോടു ജാഗ്രത പുലര്‍ത്താന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം മഴയെത്തുടര്‍ന്ന് കൊച്ചിയിലേക്കു തിരിച്ചുവിട്ടു. പാലക്കാട് നഗരത്തില്‍ പലയിടത്തും കടകളില്‍ വെള്ളം കയറി.
ഒട്ടേറെ വീടുകള്‍ തകര്‍ന്നു, ഹെക്ടര്‍ കണക്കിനു കൃഷി നശിച്ചു. മലമ്പുഴ അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് തുറന്നത്. അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ചുരം റോഡിലൂടെ ഭാരവാഹനങ്ങളുടെ ഗതാഗതം ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രിച്ചു. മലപ്പുറത്ത് ശക്തമായ മഴയില്‍ പാലം വെള്ളത്തില്‍ മുങ്ങി. വളരാട് തൊണ്ണന്‍കടവ് പാലമാണ് ഒലിപ്പുഴയില്‍ ഉണ്ടായ കനത്ത വെള്ളപ്പാച്ചിലില്‍ മുങ്ങിയത്. പാണ്ടിക്കാട് കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലയോര മേഖലയില്‍ ഇന്ന് ശക്തമായ മഴയായിരുന്നു. മലപ്പുറം ജില്ലയില്‍ കൂടി ഒഴുകുന്ന പുഴകളില്‍ എല്ലാം ജലനിരപ്പ് ഉയരുകയാണ്. മലയോര മേഖലകളില്‍ പല വീടുകള്‍ക്ക് മേലെ മരം മറിഞ്ഞു വീണ് നാശനഷ്ടമുണ്ടായി.
തൃശ്ശൂരില്‍ മിന്നല്‍ ചുഴലി ഉണ്ടായി. ചാവക്കാട് തിരുവത്ര മേഖലയിലാണ് മിന്നല്‍ ചുഴലി വീശിയത്. പുത്തന്‍ കടപ്പുറം എസി പടിയിലെ വിവിധ ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പ്രദേശത്തെ ബദ്‌റു, ഹസൈനാര്‍, അബൂബക്കര്‍, ഹംസക്കുട്ടി, അബ്ബാസ് എന്നിവരുടെ വീടുകള്‍ക്ക് ശക്തമായ കാറ്റില്‍ നാശഷ്ടങ്ങളുണ്ടായി. ദേശീയ പാതയോട് ചേര്‍ന്നാണ് കൂടുതല്‍ മഴക്കെടുതികള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസവും ഇത്തരത്തില്‍ മിന്നല്‍ ചുഴലി തൃശ്ശൂരില്‍ നാശം വിതച്ചിരുന്നു. തളിക്കുളം, കൊടുങ്ങല്ലൂര്‍ മേഖലയില്‍ കടലേറ്റം രൂക്ഷമാണ്. വൃഷ്ടിപ്രദേശത്തു മഴ തുടരുന്ന സാഹചര്യത്തില്‍ മലമ്പുഴ ഡാമിന്റെ നാലു സ്പില്‍വേ ഷട്ടറുകള്‍ തുറന്നു. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്കു ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
































