ശബരിമല : മണ്ഡല പൂജയ്ക്കായി ശബരിമല നടതുറക്കാന്‍ അവശേഷിക്കുന്നത് ആഴ്ചകള്‍ മാത്രമാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളിലായി ആരംഭിച്ച മുന്നൊരുക്കങ്ങള്‍ എങ്ങുമെത്താത്ത അവസ്ഥയുണ്ട്. തുലാമാസ പൂജകള്‍ക്കായി നട തുറന്നതോടെ ഭക്തരുടെ തിരക്കും ശബരിമലയില്‍ അനുഭവപ്പെടുന്നുണ്ട്. റോഡുകള്‍ പലതും തകര്‍ന്നുകിക്കുകയാണെന്നു തീര്‍ഥാടകര്‍ പറയുന്നു. കുഴികള്‍ അടക്കാനുള്ള നടപടി ഇനിയും ആരംഭിച്ചിട്ടില്ല. മുമ്പ് അപകടങ്ങള്‍ നടന്നിടത്ത് ഇപ്പോഴും കാര്യമായ മുന്നറിയിപ്പു സംവിധാനങ്ങളില്ല. പല കാര്യങ്ങളും അധികൃതര്‍ ഉഴപ്പുകയാണെന്നും ഭക്തര്‍ ആരോപിക്കുന്നു.
എറണാകുളം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ മുന്നൊരുക്കള്‍ നവംബര്‍ അഞ്ചിന് മുന്‍പു പൂര്‍ത്തിയാക്കുമെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്നാല്‍ അവസാന ആഴ്ചകളില്‍ തകര്‍ന്നു കിടക്കുന്ന പാലങ്ങളുടെ കൈവരികള്‍ ഉള്‍പ്പടെ പുനസ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുമോ എന്ന ആശങ്കയാണ് ഭക്തര്‍ക്കുള്ളത്. ഇടത്താവളമായ എരുമേലിയില്‍ ഉള്‍പ്പടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂത്തീകരിക്കാനുണ്ട്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ വന്നു പോകുന്ന റെയില്‍വേ സ്റ്റേഷനില്‍ ഉള്‍പ്പെടെ ഒരുക്കങ്ങള്‍ അപൂര്‍ണമെന്നു പരാതി ഉയരുന്നുണ്ട്. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായ ശേഷം വരുന്ന രണ്ടാം സീസണാണെങ്കിലും ഇരട്ടിപ്പിക്കലിന്റെ പ്രയോജനം ഇത്തവണയൂം തീര്‍ഥാടകര്‍ക്കു കാര്യമായി ലഭിക്കുകയില്ല. ഇരട്ടപ്പാത വന്നിട്ടും കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെന്നതാണ് പ്രധാന കാരണം. റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്രവേശന കവാട നിര്‍മാണവും ഇഴയുകയാണ്. ആദ്യ ഘട്ടം ഡിസംബറില്‍ തുറക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇനിയും വൈകുമെന്നാണ് സൂചന. ചുരുക്കത്തില്‍ രണ്ടാം കവാടത്തിന്റെ പ്രയോജനം ഈ സീസണില്‍ ലഭിക്കാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. സീസണ്‍ കാലത്ത് ഉള്‍പ്പെടെ കോട്ടയത്തു നിന്നു പുറപ്പെടുന്ന രീതിയിലുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്തുകയാണെന്നാണ് ആക്ഷേപം. ഇരട്ടപ്പാതയുടെ ഭാഗമായി രണ്ടു പ്ലാറ്റ് ഫോമുകള്‍ അധികമായി വന്നതിനാല്‍ കോട്ടയത്തു നിന്നു കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ തടസമില്ല.എന്നാല്‍ പിറ്റ്ലൈന്‍ ഇല്ലെന്നതാണ് റെയില്‍വേ ഉയര്‍ത്തിക്കാട്ടുന്ന പ്രശ്നം. പിറ്റ്ലൈനുള്ള സ്റ്റേഷനിലേക്ക് അവസാനിക്കും വിധം സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല.