നമ്മളില്‍ പലര്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഒരു ഭക്ഷണ പദാര്‍ത്ഥമായിരിക്കും കശുവണ്ടി അഥവാ അണ്ടിപരിപ്പ്. എന്നാല്‍ കശുവണ്ടി കഴിച്ചാല്‍ തടി കൂടുമോ. പൊതുവെ എല്ലാവരും പറയുക അതെ എന്നായിരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതൊരു മിഥ്യാ ധാരണയാണ്. രുചിയിലും പോഷകമൂല്യത്തിലും സമ്പന്നമായ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണപദാര്‍ത്ഥമാണ് അണ്ടിപരിപ്പ് എന്നതില്‍ ആര്‍ക്കും സംശയം തോന്നാനിടയില്ല. അണ്ടിപ്പരിപ്പിനെ കുറിച്ചും ശരീരഭാരം കുറയ്ക്കാനുള്ള അവയുടെ സംഭാവനയെ കുറിച്ചും അധികം പേര്‍ക്കും കാര്യമായി അറിയില്ല എന്നതാണ് വസ്തുത. നിങ്ങള്‍ ദിവസവും അണ്ടിപരിപ്പ് കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും അത് ശരീരഭാരം നിയന്ത്രിക്കാന്‍ എങ്ങനെ സഹായിക്കുമെന്നും നമുക്ക് നോക്കാം.
ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ (ബി, ഇ), ധാതുക്കള്‍ (മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക് പോലുള്ളവ) തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അണ്ടിപരിപ്പില്‍ നിറഞ്ഞിരിക്കുന്നു. കലോറി കൂടുതലാണെങ്കിലും അവയുടെ പോഷകമൂല്യത്തിന് മതിയായ പോഷകാഹാരം നല്‍കാന്‍ സാധിക്കും. ഇത് മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നതിന് ഇടയാക്കും. അണ്ടിപരിപ്പില്‍ ആരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ്. അവയുടെ കൊഴുപ്പിന്‍റെ ഭൂരിഭാഗവും അപൂരിത കൊഴുപ്പാണ്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതും എല്‍ഡിഎല്‍ അളവ് കുറയ്ക്കുകയും ചെയ്യും. ഈ കൊഴുപ്പുകള്‍ നിങ്ങളെ പെട്ടെന്നുള്ള വിശപ്പില്‍ നിന്ന് അകറ്റും. ദൈനംദിന ഭക്ഷണത്തില്‍ അണ്ടിപരിപ്പ് ഉള്‍പ്പെടുത്തുന്നത് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യുന്നതിനും ദഹനത്തിനും സഹായിക്കും.
എന്നാല്‍ മിതമായ അളവില്‍ വേണം ഇവ കഴിക്കാന്‍. അമിതമായ ഉപയോഗം ശരീരഭാരം വര്‍ദ്ധധിപ്പിക്കും. അണ്ടിപരിപ്പില്‍ മഗ്നീഷ്യം പോലുള്ള വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ജൈവ രാസപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. ഒപ്പം മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും ഊര്‍ജ്ജ ഉല്‍പാദനവും ഗ്ലൂക്കോസ് മെറ്റബോളിസവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാസ്തവത്തില്‍ മതിയായ അളവില്‍ മഗ്നീഷ്യം ശരീരത്തില്‍ എത്തുന്നത് ഭാരം കുറയ്ക്കാനും ഇന്‍സുലിന്‍ സംവേദനക്ഷമതയ്ക്കും സഹായിക്കും. അണ്ടിപരിപ്പില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് ഗ്ലൈസെമിക് സൂചിക കുറവായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തും. ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ സംയോജനം ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കുന്നതിന് സഹായിക്കും. ഇത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളെ ചെറുക്കുന്നത് എളുപ്പമാക്കുന്നു.