തിരുവനന്തപുരം : തൊഴില്‍ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകളുടെ എണ്ണം കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 16ല്‍ നിന്ന് 11 ആയി കുറയ്ക്കാനാണ് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി വിവിധ ബോര്‍ഡുകള്‍ തമ്മില്‍ സംയോജിപ്പിക്കും. ഉയര്‍ന്ന ഭരണച്ചെലവു കാരണം മിക്ക ക്ഷേമനിധി ബോര്‍ഡുകളും സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബോര്‍ഡുകളില്‍ അംഗങ്ങളായ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കിക്കൊണ്ട് എണ്ണം കുറയ്ക്കേണ്ടത് അനിവാര്യമായി വന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കേരള ഷോപ്പ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായും സംയോജിപ്പിക്കും. കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ഈറ്റ-കാട്ടുവള്ളി-തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡും കേരള ലേബര്‍ വെല്‍ഫയര്‍ ബോര്‍ഡുമായി ചേര്‍ക്കും. കേരള ബീഡി ആന്‍ഡ് സിഗാര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡുമായി സംയോജിപ്പിക്കും.
വിഷയം പഠിക്കാന്‍ ലേബര്‍ കമ്മീഷണര്‍ അധ്യക്ഷനായ, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സബ് കമ്മിറ്റികള്‍ രൂപവത്ക്കരിച്ചിരുന്നു. ഈ കമ്മിറ്റികളുടെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനമെടുത്തത്. ഇത് പ്രാവര്‍ത്തികമാക്കാന്‍ നിയമ നിര്‍മാണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.