കോഴിക്കോട്: കോണ്‍ഗ്രസില്‍ വീണ്ടും നേതാക്കള്‍ക്കെതിരെ നടപടി. ഇത്തവണ പക്ഷേ മുന്നണി ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്നാണ് നേതാക്കളെ പുറത്താക്കിയിരിക്കുന്നത്. കോഴിക്കോട് മുക്കത്താണ് മൂന്ന് നേതാക്കളെ തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ ഇവര്‍ ചോദ്യം ചെയ്തതാണ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുന്നത്. സഖ്യം വേണ്ടെന്ന ഉറച്ച നിലപാടിലായിരുന്നു ഇവര്‍. ആറ് വര്‍ഷത്തേക്കാണ് ഈ മൂന്ന് പ്രാദേശിക നേതാക്കളെയും പുറത്താക്കിയിരിക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ ഇതോടെ കോണ്‍ഗ്രസില്‍ വലിയ വിവാദമുയര്‍ന്നിരിക്കുകയാണ്.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക തീരുമാനം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യം പാടില്ലെന്നാണ്. കെസി വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും ഇത് പരസ്യമായി വ്യക്തമാക്കിയതാണ്. എന്നാല്‍ പ്രാദേശികമായി നീക്കുപോക്കുണ്ടെന്ന് കെ മുരളീധരനും എംഎം ഹസനും നിലപാടെടുത്തിരുന്നു. കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് തന്നെ സഖ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കോണ്‍ഗ്രസിനുള്ളിലെ നേതാക്കള്‍ക്ക് എതിര്‍പ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ മുസ്ലീം വോട്ടുകളെ നല്ല രീതിയില്‍ ഏകോപിപ്പിക്കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്.
കോണ്‍ഗ്രസില്‍ വന്‍ തര്‍ക്കം തന്നെ വെല്‍ഫെയര്‍ ബന്ധത്തെ ചൊല്ലിയുണ്ടായിരുന്നു. പുറത്താക്കിയ മൂന്ന് പേരും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയത് എതിര്‍ത്തിരുന്നു. കെസി മൂസ, പ്രസാദ് ചേനാംതൊടിക, എന്‍പി ഷംസുദ്ദീന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അധ്യക്ഷന്റെ നേതൃത്വത്തില്‍ പുറത്താക്കിയത്. ഇവര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ പരസ്യമായി എതിര്‍ത്തിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫെയറുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധമാണ് സിപിഎം സജീവ ചര്‍ച്ചയാക്കിയത്. ബിജെപി ദേശീയ തലത്തിലും ഇത് ചര്‍ച്ചയാക്കാന്‍ ഒരുങ്ങുകയാണ്.
അതേസമയം വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പ്രാദേശിക സഖ്യം തങ്ങള്‍ക്ക് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 2015ല്‍എല്‍ഡിഎഫ് അട്ടിമറിച്ച തദ്ദേശ സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് തദ്ദേശ സ്ഥാപനങ്ങളില്‍ കരുത്ത് തെളിയിക്കേണ്ടത് യുഡിഎഫിന് ആവശ്യമാണ്. എങ്കില്‍ മാത്രമേ കേരള രാഷ്ട്രീയത്തില്‍ ഭരണമാറ്റം ഒരുങ്ങുന്നു എന്ന പ്രതീതി കൊണ്ടുവരാന്‍ സാധിക്കൂ. അധികാരം പിടിക്കുക എന്ന ലക്ഷ്യത്തിന് വേണ്ടി മാത്രമാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി യുഡിഎഫ് പ്രാദേശിക നീക്കുപോക്കുണ്ടാക്കിയത്. തിരിച്ചടി നേരിട്ടാല്‍ അവരുമായി ഇനിയൊരു ബന്ധവും കോണ്‍ഗ്രസിനുണ്ടാവില്ല.