തിരുവനന്തപുരം: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയില്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് ഗ്രാമപഞ്ചായത്തില്‍ യു ഡി എഫ് ഭരണം നേടി. സംസ്ഥാന തലത്തില്‍ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നതിനിടെയാണ് തലസ്ഥാന ജില്ലയില്‍ തന്നെ പുതിയ കൂട്ടുകെട്ട് രൂപപ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റെ എം എം ഷാഫി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ട് അംഗങ്ങള്‍ യു ഡി എഫിന് വോട്ട് ചെയ്തു. വോട്ടെടുപ്പില്‍ നിന്നും എസ് ഡി പി ഐ വിട്ടു നിന്നു. നേരത്തെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എസ് ഡി പി ഐ, സി പി എമ്മിനെ പിന്തുണച്ചിരുന്നു. എസ് ഡി പി ഐ പിന്തുണയില്‍ സി പി എം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിച്ചെങ്കിലും ഭരണം വേണ്ടെന്ന് പറഞ്ഞ് രാജിവെയ്‌ക്കുകയായിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തെച്ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ പരസ്‌പരം വാക്പോര് നടന്നിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അതൊരു അടഞ്ഞ അദ്ധ്യായമാണെന്നായിരുന്നു നേതാക്കളുടെ മറുപടി.