ന്യൂയോർക്ക്: ഇസ്രായേലുമായി 1 ബില്യൺ ഡോളറിലധികം വരുന്ന പുതിയ ആയുധ ഇടപാട് നടത്താൻ ഒരുങ്ങി അമേരിക്ക. ടാങ്ക് വെടിമരുന്ന്, സൈനിക വാഹനങ്ങൾ, മോർട്ടാർ റൗണ്ടുകൾ എന്നിവയുൾപ്പെടെയാണ് നൽകുന്നത്. ഇറാനുമായുള്ള സംഘർഷ സാധ്യത കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടി. ബൈഡൻ ഭരണകൂടം നിർദേശിച്ച കരാറിൽ 700 മില്യൺ ഡോളറിന്റെ 120 എം.എം ടാങ്ക് വെടിമരുന്ന്, 500 മില്യൺ ഡോളറിന്റെ യുദ്ധ വാഹനങ്ങൾ, 100 മില്യൺ ഡോളറിന്റെ 120 എം.എം മോർട്ടാർ റൗണ്ടുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഇത് ഹമാസിൻ്റെ ഒക്‌ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഇസ്രായേലുമായുള്ള ഏറ്റവും വലിയ ആയുധ വിൽപ്പനയാകും.
ഇതിനിടെ ഇത്രയുമധികം ആയുധങ്ങൾ നൽകാൻ മാസങ്ങൾ പിടിക്കുമെന്നാണ് വിവരം. കൂടാതെ യു.എസ് കോൺഗ്രസിന്റെ അനുമതിയും ആവശ്യമാണ്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൂട്ടുക്കുരുതിയെ സഹായിക്കുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ നിലപാടിനെതിരെ വലിയ വിമർശനമാണ് ലോകമെമ്പാടും ഉയരുന്നത്. ഇതിനിടയിലാണ് വീണ്ടും ആയുധങ്ങൾ കൈമാറാൻ ഇപ്പോൾ അമേരിക്ക ശ്രമം നടത്തുന്നത്.