കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ വിരമിച്ചു. ഇനി മുതല്‍ മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവായി തുടരും. ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച നടപടിക്കെതിരെ മമത ബാനര്‍ജി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് നിര്‍ണായക നീക്കം. അതേസമയം കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇന്ന് ദില്ലിയില്‍ ഹാജരാകാതിരുന്ന അലാപന്‍ ബന്ദോപാധ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
നിലവിലെ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയെ ദില്ലിയിലേക്ക് അയക്കാന്‍ സാധിക്കില്ലെന്ന് മമത കത്തില്‍ വ്യക്തമാക്കിയിരുന്നു. ബന്ദോപാധ്യായയോട് ഇന്ന് രാവിലെ പത്തുമണിക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയത്. ദില്ലിയില്‍ ഹാജരാകാതിരുന്ന ബന്ദോപാധ്യക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ബന്ദോപാധ്യായയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമായതിന് പിന്നാലെയാണ് മമതയുടെ നിര്‍ണായക നീക്കം.
അതേസമയം അലാപന്‍ ബന്ദോപാധ്യായ വിരമിച്ചതിന് തൊട്ട് പിന്നാലെ എച് കെ ദ്വിവേദി ബംഗാള്‍ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. യാസ് ചുഴലിക്കാറ്റിന്റെ കെടുതികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മമത ബാനര്‍ജിയും ചീഫ് സെക്രട്ടറിയും പങ്കെടുക്കാത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ പോര് കൂടുതല്‍ രൂക്ഷമാകുമെന്ന് ഉറപ്പായി.