തൃശൂര്‍ : ജില്ലയില്‍ പകര്‍ച്ചവ്യാധിയായ വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ ആശാരിക്കാട് ആണ് വെസ്റ്റ് നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചത്. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയിലാണ് പനി കണ്ടെത്തിയത്. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്നതാണ് വെസ്റ്റ് നൈല്‍ ഫീവര്‍. ഇത് മാരകമായാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇതുവരെയും ഈ രോഗത്തിന് മരുന്നോ വാക്സിനോ കണ്ടെത്തിയിട്ടില്ല. അടിയന്തര സാഹചര്യം പരിഗണിച്ച് പഞ്ചായത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ ഉള്‍പ്പെടുത്തി പഞ്ചായത്തില്‍ അവലോകനയോഗം ചേര്‍ന്നു. മാരായ്ക്കല്‍ വാര്‍ഡില്‍ ഇന്ന് ഡ്രൈ ഡേ ആചരിക്കുകയാണ്.
രോഗലക്ഷണങ്ങള്‍ കൊതുകിന്റെ കടിയേറ്റ് രണ്ടാഴ്ച കഴിയുമ്ബോഴായിരിക്കും പ്രകടമാവുന്നത്. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിങ്ങനെയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍, കൊതുകിന്റെ കടിയേറ്റ 80 ശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായില്ലെന്നും വരാം. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓര്‍മ്മക്കുറവ് എന്നിവയ്ക്കും കാരണമായേക്കാം. മേല്‍പ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാല്‍ അടിയന്തരമായി ഗവ. ആശുപത്രികളില്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.