തിരുവനന്തപുരം: കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. സാറ്റ് ലൈറ്റ് ചിത്രങ്ങളുടെ സൂചനയനുസരിച്ച് കേരളതീരത്ത് മഴമേഘങ്ങള്‍ ദൃശ്യമായതായും തെക്കുകിഴക്കു അറബിക്കടലില്‍ മേഘങ്ങളുടെ വിന്യാസം കൂടുതല്‍ ശക്തിയാര്‍ജിച്ചതായും റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴ കണക്കിലെടുത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെയും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മിനിക്കോയ്, അഗത്തി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗലാപുരം എന്നീ 14 സ്ഥലങ്ങളിലെ 9 ഇടങ്ങളിലെങ്കിലും തുടര്‍ച്ചയായ 2 ദിവസം 2.5 മില്ലിമീറ്റര്‍ മഴ പെയ്യുന്നതാണു കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കാനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള തീരത്തു മത്സ്യബന്ധനത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എന്നാല്‍ അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.