ക്യാൻസർ ചികിത്സയ്ക്ക് ശേഷം പാർശ്വഫലങ്ങൾ ഉണ്ടാകുക സാധാരണമാണ്. റേഡിയേഷൻ, കീമോതെറാപ്പി എന്നി രണ്ടു കാൻസർ ചികിത്സകൾക്കും പാർശ്വഫലങ്ങളുണ്ട്. ക്യാൻസർ ചികിത്സയ്ക്ക് ശേഷമുണ്ടാകുന്ന പാർശ്വഫലങ്ങളെ പരമാവധി എങ്ങനെ ഒഴിവാക്കാമെന്ന് നോക്കാം. ക്ഷീണമാണ് കീമോ സെഷനുശേഷം സാധാരണയായി കാണുന്ന പാർശ്വഫലങ്ങളിലൊന്ന്. സമീകൃതാഹാരം, നല്ല ജീവിതശൈലി, ആവശ്യത്തിനുള്ള വിശ്രമം, ദിവസേനയുള്ള വ്യായാമം, എന്നിവകൊണ്ട് ക്ഷീണത്തെ നേരിടാം. ഛർദ്ദി, ഓക്കാനം എന്നിവയാണ് രണ്ടാമത്തെ പാർശ്വഫലങ്ങൾ. ഈ പാർശ്വഫലങ്ങൾ രോഗിയുടെ വിശപ്പിനെ ബാധിക്കുന്നതുകൊണ്ട് ചികിത്സ പ്രക്രിയയെ ബുദ്ധിമുട്ടാക്കിയേക്കാം. ഓക്കാനം, ഛർദ്ദി എന്നിവ നിയന്ത്രിക്കുന്നതിന് ധാരാളം മരുന്നുകൾ ലഭ്യമാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം അവ കഴിക്കേണ്ടതാണ്.
കീമോതെറാപ്പികൾ മുടികൊഴിച്ചിലിന് കാരണമാകും. അതിനാൽ സെഷനുകളിൽ കൂളിംഗ് ക്യാപ് ഉപയോഗിക്കുന്നത് രോമകൂപങ്ങളിൽ എത്തുന്ന മരുന്ന് കുറയ്ക്കും. കീമോതെറാപ്പികൾ പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതുകൊണ്ട് പനി, ചുമ, തുടങ്ങിയ വിവിധ അണുബാധകൾക്ക് ഇരയാകാം. ഇത് തടയാൻ ഇടയ്ക്കിടെ കൈ കഴുകുകയും ശുചിത്വം പാലിക്കുകയും ചെയ്താൽ ഒരു പരിധിവരെ നിങ്ങൾക്ക് ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനാകും. കീമോ മരുന്നുകൾ ചിലപ്പോൾ വായയുടെ ലൈനിങ്ങിലുള്ള ആരോഗ്യമുള്ള കോശങ്ങളെ ദോഷകരമായി ബാധിക്കും. ഇത് നിങ്ങളുടെ വായ്ക്കുള്ളിലോ ചുണ്ടുകളിലോ ചെറുതും വേദനാജനകവുമായ വ്രണങ്ങൾക്ക് കാരണമാകും. ഈ പ്രശ്നം തടയാൻ കൃത്യമായ മാർഗ്ഗമില്ലെങ്കിലും ചികിത്സയ്ക്കിടെ ഐസ് ക്യൂബുകൾ ച്യൂയിംഗ് ചെയ്യുന്നത് ഒരു പരിധിവരെ പരിഹാരം ലഭിക്കാൻ സഹായിക്കും.
ചില കീമോതെറാപ്പി കൈകൾ, കാലുകൾ, എന്നിവയിലെ സംവേദനവും ചലനവും നിയന്ത്രിക്കുന്ന നാഡികളെ ദോഷകരമായി ബാധിക്കുന്നു. Chemotherapy-induced peripheral neuropathy (CIPN) എന്നറിയപ്പെടുന്ന ഈ സങ്കീർണത കീമോയ്ക്ക് വിധേയരായ പകുതിയോളം ആളുകളെ ബാധിക്കുന്നു. ക്യാൻസർ ചികിത്സയ്ക്ക് ശേഷം ചില ആളുകൾക്ക് കുറച്ച് കാലത്തേയ്ക്ക് മാനസിക പ്രശ്‌നങ്ങൾ (chemo brain) അനുഭവപ്പെടാറുണ്ട്. ഇത് കുറയ്ക്കാൻ ചില മാനസിക വ്യായാമങ്ങൾ ചെയ്യുന്നത് നല്ലതാണ്. വേണ്ട സമയത്ത് ചികില്‍സ ഉറപ്പാക്കിയാല്‍ ക്യാന്‍സറിനെ അതിജീവിച്ച് ഏറെ കാലം സന്തോഷമായി ജീവിക്കാനാവും. ഇതിന് മനോധൈര്യമാണ് ഏറ്റവും അനിവാര്യം. രോഗം തിരിച്ചറിഞ്ഞാല്‍ തളര്‍ന്ന് പോവുകയല്ല വേണ്ടത്. ചികില്‍സയ്ക്ക് തയ്യാറാവുക. കഴിവതും സന്തോഷത്തോടെ ഇരിക്കുക.