കോഴിക്കോട്: സ്കൂളുകളിൽ സൂംബ നൃത്തമുൾപ്പെടെയുള്ള ലഘു വ്യായാമങ്ങൾ പരീശീലിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം വിവാദമായ പശ്ചാത്തലത്തിൽ ആവശ്യമായ ചർച്ചകൾ നടത്തി മതിയായ ബോധവത്കരണം ആവശ്യമാണെന്ന് ഐഎൻഎൽ. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കാനും ലഹരിയിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുമുള്ള ഉപാധിയായാണ് അധികൃതർ ഇതിനെ കാണുന്നതെങ്കിലും മതവേദികളിൽനിന്ന് കടുത്ത എതിർപ്പാണ് ഉയർന്നിരിക്കുന്നതെന്ന് ഐഎൻഎൽ അഭിപ്രായപ്പെട്ടു. മതചിന്തകളെയും ധാർമിക മൂല്യങ്ങളെയും അവഗണിച്ച് മതനിന്ദയും മതനിഷേധ മാർഗങ്ങളും അന്നിവേശിപ്പിക്കാനുള്ള കമ്യുണിസ്റ്റ്കാരുടെ ഗൂഢനീക്കത്തിന്റെ ഭാഗമാണിതെന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്.
കൊളംബിയൻ കലാകാരൻ ആൾബെർട്ടോ ബെറ്റോ പെരസ് 2001ൽ, ശാശീരിക ക്ഷമത വളർത്താൻ വികസിപ്പിച്ചെടുത്ത സംഗീതനൃത്ത പരിപാടിയാണ് സുംബ. 180രാജ്യങ്ങളിലായി 15ദശലക്ഷം വിദ്യാർഥകൾ ഇത് പരിശീലിക്കുന്നുണ്ടത്രെ. ഗൾഫിലെ ഒട്ടുമുക്കാൽ വിദ്യാലയങ്ങളിലും സൂംബ നൃത്തം കുട്ടികൾ അഭ്യസിക്കുന്നുണ്ട്. മടുപ്പുളവാക്കാത്ത ലളിതമായ വ്യായാമം എന്ന നിലക്കാണ് അതിന് സ്വീകാര്യത ലഭിച്ചത്. നമ്മുടെ സാമൂഹിക പശ്ചാത്തലത്തിൽ ഇത്തരം പരിഷ്‍കാരങ്ങൾ ആരംഭിക്കുമ്പോൾ വിദ്യാർഥികളെ മാത്രമല്ല പൊതുസമൂഹത്തെയും ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് ഐഎൻഎൽ പ്രസ്താവനയിൽ പറഞ്ഞു.