ദില്ലി: വാട്സ്ആപ്പ് (WhatsApp) ഇന്ത്യയിൽ ഓരോ മാസവും നിരോധിക്കുന്ന അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിടാറുണ്ട്. മെയ് മാസത്തിലെ കണക്കുകൾ അനുസരിച്ച് 65 ലക്ഷത്തിൽ അധികം അക്കൗണ്ടുകളാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്. ഇത്രയും അക്കൗണ്ടുകൾ നിരോധിക്കാൻ പല കാരണങ്ങളും ഉണ്ട്. മെയ് 1 നും മെയ് 31 നും ഇടയിൽ 6,508,000 വാട്സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. ഇതിൽ 2,420,700 അക്കൗണ്ടുകൾ മുൻകരുതൽ രീതിയിലാണ് നിരോധിച്ചിരിക്കുന്നത്.
2021ൽ നിലവിൽ വന്ന ഐടി നിയമങ്ങൾ അനുസരിച്ചാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ആയ വാട്‌സ്ആപ്പ് രാജ്യത്തെ ചില അക്കൗണ്ടുകൾ നിരോധിച്ചിരിക്കുന്നത്. ഈ അക്കൗണ്ടുകൾ ഇന്ത്യയിലെ നിയമങ്ങളും വാട്സ്ആപ്പ് പോളിസികളും ലംഘിക്കുന്നുവെന്ന് കമ്പനി തന്നെ കണ്ടെത്തി. നിരോധിച്ചിട്ടുള്ളവയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട് നിരോധിച്ച അക്കൗണ്ടുകളും ഇതില്‍ പെടും. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ വാട്സ്ആപ്പ് നിരോധിച്ചത് 74 ലക്ഷം അക്കൗണ്ടുകളാണ്. ഇന്ത്യയിൽ 500 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് വാട്സ്ആപ്പിനുള്ളത്. ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമിന് മെയ് മാസത്തിൽ ഇന്ത്യയിൽ “ബാൻ അപ്പീലുകൾ” അടക്കം 3,912 പരാതികള്‍ ലഭിച്ചു.
നിരവധി ഉപയോക്താക്കൾ ഏതെങ്കിലും ഒരു വാട്സ്ആപ്പ് അക്കൗണ്ടിനെ കുറിച്ച് പരാതി നല്‍കുകയാണെങ്കില്‍ ഇത്തരം അക്കൗണ്ടുകൾക്കെതിരെ വാട്സ്ആപ്പ് നടപടിയെടുക്കും. ഇത്തരത്തിൽ നടപടിയെടുത്ത അക്കൌണ്ടുകളുടെ എണ്ണം പ്രത്യേകം പുറത്ത് വിടുകയും ചെയ്യും. നടപടി എന്നതിലൂടെ ഒരു അക്കൗണ്ട് നിരോധിക്കുകയോ നേരത്തെ നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുന്നതോ ഉൾപ്പെടുന്നു. നിങ്ങളുടെ അക്കൌണ്ട് നിരോധിക്കപ്പെട്ടിട്ടുണ്ട് എങ്കിൽ തിരികെ ലഭിക്കാനായി നിങ്ങൾക്ക് പരാതി നല്‍കാന്‍ കഴിയും.
വാട്സ്ആപ്പ് ഉപയോഗിക്കുന്നവരിൽ നിന്നും ലഭിച്ച പരാതികളുടെയും വാട്സ്ആപ്പ് സ്വീകരിച്ച നടപടികളുടെയും വിവരങ്ങൾക്കൊപ്പം തന്നെ യൂസർ-സെക്യൂരിറ്റി റിപ്പോർട്ടിൽ പ്ലാറ്റ്‌ഫോമിലെ തെറ്റായ പ്രവണതകൾ ചെറുക്കുന്നതിനുള്ള വാട്സ്ആപ്പിന്റെ സ്വന്തം പ്രതിരോധ നടപടികളും ഉൾപ്പെടുന്നുവെന്ന് കമ്പനി അറിയിച്ചു. വാട്സ്ആപ്പിന്റെ പോളിസികൾക്കെതിരായി പ്രവർത്തിക്കുന്ന അക്കൗണ്ടുകളും ഇന്ത്യയിലെ ഐടി നിയമങ്ങൾ പാലിക്കാത്ത അക്കൌണ്ടുകളും നിരോധിക്കാൻ വലിയ സജ്ജീകരണങ്ങളാണ് വാട്സ്ആപ്പ് ഒരുക്കുന്നത്.