തൃശൂര്‍: എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ് സാഹിലും ഭാര്യയും സഹോദരന്റെ മകളും അടങ്ങിയ കുടുംബത്തെയാണ് വയനാട്ടിലേക്കും തിരികെയുമുള്ള യാത്രയില്‍ കെഎസ്ആര്‍ടിസി വലച്ചത്. രണ്ടുതവണയും പാതിരാത്രിക്കു മണിക്കൂറോളം കാത്തുനിര്‍ത്തി. ബുക്ക് ചെയ്ത ബസിന്റെ ചാര്‍ജ് മടക്കിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ നേരിട്ടു നല്‍കാന്‍ നിവൃത്തിയില്ലെന്നും അക്കൗണ്ടിലേക്കു വരുന്നതുവരെ കാത്തിരിക്കാനുമാണ് കണ്ടക്ടര്‍മാരുടെ മറുപടി.
സഹോദരന്റെ മകളെ വയനാട്ടിലെ വീട്ടിലേക്കു കൊണ്ടുപോകാന്‍ സുഖമില്ലാത്ത ഭാര്യയെയും കൂട്ടി 8നു രാത്രി 11നാണ് ചാലക്കുടിയില്‍ ബസ് കാത്തുനിന്നത്. എസി ബസിന് 1736 രൂപ ബുക്കിങ് ചാര്‍ജ് അടച്ചു. ചാലക്കുടിയില്‍ എത്തിയതാകട്ടെ നോണ്‍ എസി ബസ്. അതും 3 മണിക്കൂര്‍ വൈകി പുലര്‍ച്ചെ 2ന്. തിരികെ കല്‍പറ്റയില്‍നിന്ന് ചാലക്കുടിയിലേക്കു 12നു രാത്രി 9.15നു ബുക്ക് ചെയ്ത സ്വിഫ്റ്റ് എയര്‍ ബസിനു പകരം വന്നത് ഫാസ്റ്റ് പാസഞ്ചറും. ഒന്നര മണിക്കൂര്‍ കഴിഞ്ഞ് രാത്രി 10.45ന് ആണ് ബസ് എത്തിയത്. ബുക്ക് ചെയ്ത ബസ് മാറിയതിനെക്കുറിച്ച് കണ്ടക്ടറോട് പരാതി അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടു പറഞ്ഞ് പരിഹരിക്കാനായിരുന്നു മറുപടി. വളരെ മോശമായിട്ടായിരുന്നു ജീവനക്കാരുടെ പെരുമാറ്റമെന്ന് ഷെയ്ഖ് സാഹില്‍ പറഞ്ഞു. സംഭവത്തില്‍ നടപടിയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് മന്ത്രി കെ ബി ഗണേഷ്‌കുമാറിനും മാനേജിങ് ഡയറക്ടര്‍ക്കും പരാതി കൊടുത്തിരിക്കുകയാണ് ഷെയ്ഖ് സാഹില്‍.