തിരുവനന്തപുരം: ജെസ്ന തിരോധാന കേസുമായി ബന്ധപ്പെട്ട് സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് സമർപ്പിച്ച ഹർജിയിൽ സിബിഐയുടെ വിശദീകരണം ഇന്ന് സിജെഎം കോടതിയിൽ സമർപ്പിക്കും. ഇതിനൊപ്പം തന്നെ കേസിൽ കക്ഷി ചേർക്കണം എന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകനായ രഘുനാഥൻ നായർ സമർപ്പിച്ച ഹർജിയിലും കോടതി ഇന്നു വാദം കേൾക്കും. നേരത്തെ കേസിൽ ജെസ്നയുടെ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയില്‍ മറുപടി നല്കാന് രണ്ടാഴ്ച സമയം വേണമെന്ന് സിബിഐ സിജെഎം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജെസ്ന കേസില്‍ സുപ്രധാനമായ ഒട്ടേറെകാര്യങ്ങള്‍ സിബിഐ അന്വേഷിച്ചില്ലെന്ന് ആരോപിച്ചാണ് പിതാവ് ഹര്‍ജി ഫയല്‍ ചെയ്തത്.
ജെസ്നയുടെ സുഹൃത്തുമായി ബന്ധപ്പെട്ട് കാര്യക്ഷമമായ അന്വേഷണം നടത്തിയില്ല. കാണാതാകുന്നതിന് മുന്‍പ് ജെസ്ന എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തിരുന്നു ഇതുസംബന്ധിച്ചും അന്വേഷമുണ്ടായില്ല. പുലിക്കുന്നിനും മുണ്ടക്കയത്തിനും ഇടയ്ക്കു വച്ചാണ് ജെസ്നയെ കാണാതാകുന്നതെന്നും ഈ സ്ഥലങ്ങളിൽ സിബിഐ അന്വേഷണം എത്തിയില്ലെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.





























