വാഷിങ്ടൺ: ഈസ്റ്റർ ആഘോഷ പരിപാടിക്ക് കോർപറേറ്റ് സ്‌പോൺസർമാരെ തേടി വൈറ്റ് ഹൗസ്. ഹാർബിഞ്ചേഴ്‌സ് എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി വഴിയാണ് സ്‌പോൺസർമാരെ തിരയുന്നത്. അതേസമയം വൈറ്റ് ഹൗസിന്റെ പരിപാടി കോർപ്പറേറ്റുകളെ കൊണ്ട് സ്‌പോൺസർ ചെയ്യിക്കാനുള്ള നീക്കത്തിൽ പലരും ആശങ്കയുയർത്തിയിട്ടുണ്ട്. ഓരോ വർഷത്തേയും ഈസ്റ്റർ പരിപാടിക്ക് ലക്ഷക്കണക്കിന് ഡോളറാണ് വൈറ്റ് ഹൗസ് ചെലവഴിക്കാറ്. ‘ഈസ്റ്റർ എഗ് റോൾ’ എന്നറിയപ്പെടുന്ന ആഘോഷത്തിന് 75,000 ഡോളർ മുതൽ രണ്ട് ലക്ഷം ഡോളർ വരെയുള്ള സ്‌പോൺസർഷിപ്പുകളാണ് വൈറ്റ് ഹൗസ് തേടുന്നത്.
സ്‌പോൺസർമാരുടെ ബ്രാൻഡിങ് ഉറപ്പുനൽകുന്നുവെന്നും വൈറ്റ് ഹൗസ് കോർപ്പറേറ്റുകൾക്ക് അയച്ച ഒമ്പതുപേജുള്ള രേഖയിൽ പറയുന്നു. ഈസ്റ്റർ എഗ് റോൾ1878-ൽ യുഎസ്സിന്റെ 19-ാം പ്രസിഡന്റായിരുന്ന റഥർഫോർഡ് ബി. ഹെയ്‌സാണ് വൈറ്റ് ഹൗസിൽ ഈസ്റ്റർ എഗ് റോൾ എന്ന പരിപാടിക്ക് തുടക്കമിട്ടത്. എന്നാൽ എബ്രഹാം ലിങ്കൺ പ്രസിഡന്റായിരിക്കെ തന്നെ അനൗദ്യോഗികമായി ‘മുട്ട ഉരുട്ടൽ’ പാർട്ടികൾ നടത്താറുണ്ടായിരുന്നുവെന്ന് വൈറ്റ് ഹൗസ് വെബ്‌സൈറ്റ് പറയുന്നു. ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച യുഎസ് ക്യാപിറ്റോളിന് സമീപമുള്ള മൈതാനത്ത് നടക്കുന്ന ആഘോഷങ്ങളിൽ വലിയ ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ആഘോഷം മൈതാനം നശിപ്പിക്കുന്ന തരത്തിൽ അനിയന്ത്രിതമായതോടെ 1877-ൽ മൈതാന സംരക്ഷണ നിയമം പാസാക്കിക്കൊണ്ട് മുട്ടയുരുട്ടൽ നിരോധിച്ചു.
യുള്ളിസസ് എസ്. ഗ്രാന്റ് ആയിരുന്നു അന്ന് പ്രസിഡന്റ്. പിന്നീട് 1878-ൽ ഒരുകൂട്ടം കുട്ടികൾ വൈറ്റ് ഹൗസിന്റെ ഗെയ്റ്റിന് മുന്നിലേക്ക് പോയി. മുട്ടയുരുട്ടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അവർ പോയത്. ഇത് ശ്രദ്ധയിൽ പെട്ട അന്നത്തെ പ്രസിഡന്റ് റഥർഫോർഡ് ബി. ഹെയ്‌സ് അവരെ അകത്തേക്ക് കയറ്റിവിടാൻ സുരക്ഷാജീവനക്കാരോട് നിർദ്ദേശിക്കുകയായിരുന്നു. അന്ന് മുതലാണ് എല്ലാ വർഷവും ഈസ്റ്ററിന് ശേഷമുള്ള തിങ്കളാഴ്ച വൈറ്റ് ഹൗസ് മൈതാനത്ത് എഗ് റോൾ ഔദ്യോഗികമായി ആഘോഷിക്കാൻ തുടങ്ങിയത്. ഈ ആഘോഷത്തിലേക്ക് ജനങ്ങൾ ഒഴുകിയതോടെ അതിഥികളുടെ എണ്ണം വൈറ്റ് ഹൗസ് നിയന്ത്രിച്ചു.
പരമ്പരാഗതമായി പ്രഥമവനിത അഥവാ പ്രസിഡന്റിന്റെ ജീവിതപങ്കാളിയാണ് ഈസ്റ്റർ എഗ് റോൾ ആഘോഷം ആസൂത്രണം ചെയ്യാറ്. ഒന്നാം ലോകമഹായുദ്ധം കാരണം 1917 മുതൽ 1920 വരേയും രണ്ടാം ലോകമഹായുദ്ധം കാരണം 1943 മുതൽ 1945 വരേയും എഗ് റോൾ ആഘോഷം നടന്നിരുന്നില്ല. ഭക്ഷ്യവിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെ പേരിലും അപകടാവസ്ഥയിലായിരുന്ന വൈറ്റ് ഹൗസിന്റെ പുനർനിർമ്മാണം നടക്കുകയായിരുന്നതിനാലും 1946 മുതൽ 1952 വരേയും എഗ് റോളിങ്ങിന് നിരോധനമുണ്ടായി. പിന്നീട് 1953-ൽ പ്രസിഡന്റ് ഡൈ്വറ്റ് ഡി. ഐസനോവറാണ് വൈറ്റ് ഹൗസിൽ ഈസ്റ്റർ എഗ് റോളിങ് ആഘോഷം പുനഃസ്ഥാപിച്ചത്.